ചെന്നൈ : തമിഴ്നാട് സര്‍ക്കാര്‍ ഉല്‍പാദിപ്പിക്കുന്ന ‘വലിമൈ’ സിമന്‍റിന്‍റെ വിപണനോദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് നിര്‍വഹിച്ചു. വലിമൈ പ്രീമിയം 50 കിലോയുടെ ചാക്കിന് 350 രൂപയും വലിമൈ സുപ്പീരിയര്‍ ചാക്കിന് 365 രൂപയുമാണ് നിരക്ക്. വിപണിയില്‍ സ്വകാര്യ കമ്പനികളുടെ സിമന്‍റിന് 490 രൂപ വരെ വിലയുണ്ട്.
തമിഴ്നാട് സര്‍ക്കാറിന്റെ ‘അരസു’ സിമന്‍റ് നിലവില്‍ മാസംതോറും 90,000 ടണ്‍ വിറ്റഴിക്കുന്നുണ്ട്. ആറുമാസത്തിനിടെ സ്വകാര്യ കമ്പനികളുടെ സിമന്‍റിന് വില കുതിച്ചുയര്‍ന്നതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ സിമന്‍റ് ഉല്‍പാദനം ത്വരിതപ്പെടുത്തിയത്.