പത്തനംതിട്ട: പതിനാറാമത് സെന്‍സസ് പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ജില്ല /ചാര്‍ജ്തല രണ്ടാം ബാച്ച് ഉദ്യോഗസ്ഥരുടെ പരിശീലനം കളക്ടറേറ്റ് ഗവി കോണ്‍ഫറന്‍സ് ഹാളില്‍ ആരംഭിച്ചു. ഏപ്രില്‍ 25 വരെയാണ് പരിശീലനം. സെന്‍സസ് ഡയറക്ടറേറ്റിലെ ഡേറ്റ പ്രൊസസിംഗ് അസിസ്റ്റന്റ് കെ ശ്രീകുമാര്‍, സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ സി.കെ കാര്‍ത്തിക എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ്. ഭവനങ്ങൾ പട്ടികപ്പെടുത്തല്‍, ജനസംഖ്യ കണക്കെടുപ്പ് എന്നിങ്ങനെ രണ്ട് ഘട്ടങ്ങളിലായി 2026- 27 വര്‍ഷത്തില്‍ സെന്‍സസ് നടത്തും. ജൂലൈ ഒന്നു മുതല്‍ 31 വരെ പ്രാരംഭഘട്ടമായ ഭവന പട്ടികപെടുത്തല്‍ സംസ്ഥാനത്ത് നടക്കും.
ജില്ലയിലെ സെന്‍സസ് പ്രവര്‍ത്തനം ഏകോപ്പിക്കുന്നതിന് ജില്ല കളക്ടറെ പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസറായും അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനെ ജില്ല സെന്‍സസ് ഓഫീസറായും മറ്റ് ജില്ല വകുപ്പ് മേധാവികളെ അഡീഷണല്‍ ജില്ല സെന്‍സസ് ഓഫീസർമാരായും റവന്യു ഡിവിഷണല്‍ ഓഫീസര്‍മാരെ സബ് ഡിവിഷണല്‍ സെന്‍സസ് ഓഫീസര്‍മാരായും നിയമിച്ചു. തഹസില്‍ദാര്‍മാര്‍, മുന്‍സിപ്പല്‍ സെക്രട്ടറിമാര്‍ എന്നിവരെ ചാര്‍ജ് സെന്‍സസ് ഓഫീസര്‍മാരായും ചുമതലപ്പെടുത്തി.






























