ന്യൂഡൽഹി : കേന്ദ്രത്തിൽ പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സഹകരണ മേഖലയെ ശക്തിപ്പെടുത്താനുള്ള പുതിയ നീക്കമായി ഇതിനെ കണക്കാക്കാമെന്നാണു വിലയിരുത്തൽ. മന്ത്രിസഭാ വികസനം ഇന്നു നടപ്പാക്കുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ മന്ത്രാലയം രൂപീകരിച്ചത്.
‘സഹകരണത്തിലൂടെ സമൃദ്ധി’ എന്നതായിരിക്കും മന്ത്രാലയത്തിന്റെ കാഴ്ചപ്പാട്. നീക്കത്തെ ചരിത്രപരം എന്നു കേന്ദ്രം വിശേഷിപ്പിച്ചു. ഈ വർഷത്തെ ബജറ്റ് പ്രസംഗത്തിൽ സഹകരണ മേഖലയ്ക്കു കൂടുതൽ കൈത്താങ്ങ് നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് പുതിയ മന്ത്രാലയം.