തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന് 529.50 കോടി സഹായം അനുവദിച്ച് കേന്ദ്രം. പുനർനിർമ്മാണത്തിനായി സമർപ്പിച്ച 16 പ്രോജക്ടുകൾക്കാണ് സഹായം നൽകുക. വായ്പയായാണ് 529.50 കോടി രൂപ അനുവദിക്കുക. സംസ്ഥാനങ്ങൾക്കുളള മൂലധന നിക്ഷേപ സഹായത്തിൽ ഉൾപ്പെടുത്തിയാണ് വായ്പ അനുവദിച്ചത്. പലിശയില്ലാത്ത വായ്പ 50 വർഷംകൊണ്ട് തിരിച്ചടച്ചാൽ മതി. കെട്ടിട നിർമ്മാണം, സ്കൂൾ നവീകരണം, റോഡ് നിർമ്മാണം, പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ എന്നിവക്ക് പണം ചിലവഴിക്കാം. ടൗൺഷിപ്പിനായും പണം വിനിയോഗിക്കാം. ഈ സാമ്പത്തിക വർഷം നിർമ്മാണം തുടങ്ങണമെന്നാണ് നിബന്ധന. ടൗൺഷിപ്പിലെ പൊതു കെട്ടിടങ്ങൾ റോഡുകൾ, ദുരന്തമേഖലയിലെ പുഴയുടെ ഒഴുക്ക് ക്രമീകരിക്കൽ,സ്കൂൾ നവീകരണം തുടങ്ങിയ പദ്ധതികൾക്കാണ് സഹായം അനുവദിച്ചത്.
കേരളം നൽകിയ കത്ത് പരിഗണിച്ചാണ് വായ്പ അനുവദിച്ചത്. എന്നാൽ, പ്രഖ്യാപനം വൈകിപ്പോയെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്. അനുവദിച്ച വായ്പയുടെ ചെലവുകണക്കുകൾ മാർച്ച് മാസത്തിൽ തന്നെ അയയ്‌ക്കേണ്ടിവരും. വയനാട് ദുരന്തന്തിൽ കേന്ദ്ര സമീപനത്തെ കേരളം ആവർത്തിച്ച് ചോദ്യം ചെയ്തതിനാൽ സംസ്ഥാന ബജറ്റിൽ പുനരധിവാസത്തിനായി കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷെ മുൻപ് മന്ത്രിസഭ യോഗം അംഗീകാരം നൽകിയ തുകമാത്രമാണ് ബജറ്റിൽ ധനമന്ത്രി നീക്കിവെച്ചത്.