തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ എത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിച്ചു. നിയമസഭ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുന്‍പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്താനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയുടെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തിയത്. സന്ദര്‍ശനം പൂര്‍ത്തിയാക്കി കമ്മീഷന്‍ മടങ്ങിയ ശേഷമായിരിക്കും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുക.
ഏപ്രില്‍ പകുതിയോടെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇടതുപാര്‍ട്ടികള്‍ കമ്മീഷനോട് ആവശ്യപ്പെട്ടു. എന്നാല്‍, മേയ് മാസത്തില്‍ മതിയെന്നാണ് ബിജെപിയുടെ നിലപാട്. ഏപ്രില്‍ എട്ടിനും 12 നും ഇടയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. വോട്ടര്‍ പട്ടികയില്‍ ഇരട്ടിപ്പ് ഒഴിവാക്കണം. വോട്ടിങ് രാവിലെ ഏഴ് മുതല്‍ അഞ്ച് വരെ മതി. സമയം നീട്ടേണ്ടതില്ലെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
മേയ് 16 നാണ് കഴിഞ്ഞ തവണ തിരഞ്ഞെടുപ്പ് നടന്നതെന്ന് ബിജെപി ചൂണ്ടിക്കാട്ടി. റംസാന്‍ വ്രതം കഴിഞ്ഞതിനു ശേഷം തിരഞ്ഞെടുപ്പ് നടത്തിയാല്‍ മതിയെന്നാണ് ബിജെപിയുടെ നിലപാട്. പോസ്റ്റല്‍ വോട്ടിന്റെ കാര്യത്തില്‍ കൃത്യമായ നിയന്ത്രണം വേണം. 80 കഴിഞ്ഞവര്‍ക്കും കോവിഡ് രോഗികള്‍ക്കും അംഗവൈകല്യം ഉള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കുമ്ബോള്‍ അത് വലിയ തോതില്‍ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും ബിജെപി കമ്മീഷനെ അറിയിച്ചു. കേന്ദ്രസേന പ്രശ്‌നബാധിത ബൂത്തുകളില്‍ രണ്ടാഴ്‌ച മുന്‍പെങ്കിലും എത്തി നിയന്ത്രണമേറ്റെടുക്കണമെന്ന നിര്‍ദേശവും ബിജെപി മുന്നോട്ടുവച്ചിട്ടുണ്ട്.
അതേസമയം, കേരളത്തിലെ കോവിഡ് വ്യാപനത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആശങ്ക പ്രകടിപ്പിച്ചു. നിയന്ത്രണങ്ങളോടെയാണെങ്കിലും കലാശക്കൊട്ടിനു അനുമതി വേണമെന്നാണ് മുന്നണികള്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
കള്ളവോട്ട് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടു. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനു കേരളത്തിലെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നാളെ മടങ്ങും. ഫെബ്രുവരി അവസാനത്തോടെ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാനാണ് സാധ്യത.