കോട്ടയം : കോവിഡ്- 19 ന്റെ പശ്ചാതലത്തിൽ കേന്ദ്ര സർക്കാർ കോട്ടയം മെഡിക്കൽ കോളേജിന് നല്കിയ 40 പുതിയ വെന്റിലേറ്ററുകൾ ഉപയോഗിക്കാൻ തയ്യാറാകാതെ മൂലയ്ക്ക് കൂട്ടിയിട്ട നിലയിൽ. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവർത്തകരോട് വിവരങ്ങൾ മറച്ചുവയ്ക്കാനാണ് അധികൃതർ ശ്രമിച്ചത്. എന്ന് എത്തിയെന്നോ എത്രയെണ്ണമുണ്ടെന്നോ പറയാൻ അധികൃതർ തയ്യാറായില്ല. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നിഷേധത്മക നിലപാടാണ് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്നുണ്ടായത്.
കൊറോണ വൈറസ് സമൂഹ വ്യാപനത്തിലേക്ക് കടക്കുന്ന ഈ അവസരത്തിൽ അടിയന്തിര സാഹചര്യം നേരിടാനാണ് കേന്ദ്ര സർക്കാർ ഈ വെന്റിലേറ്ററുകൾ ഇവിടെയെത്തിച്ചത്. എന്നാൽ ആരോഗ്യ വകുപ്പധികൃതർക്ക് ഇതിന്റെ ഗൗരവം ഉൾക്കൊള്ളുവാൻ സാധിച്ചിട്ടില്ല എന്നു വേണം കരുതാൻ. ചുറ്റുപാടുമുള്ള സർക്കാർ ആശുപത്രികളെ കോവിഡ് ചികിത്സ സെന്ററുകളാക്കുമ്പോഴാണ് ഈ സൗകര്യങ്ങൾ വിനിയോഗിക്കാൻ അധികൃതർ മടി കാണിക്കുന്നത്. അടിയന്തിര സാഹചര്യം കളക്കിലെടുത്ത് ത്വരിതഗതിയിലാണ് ആധുനിക ചികിത്സ സംവിധാനങ്ങൾ കോട്ടയം മെഡിക്കൽ കോളേജിന് കേന്ദ്ര സർക്കാര്‍ നല്‍കിയത്. ചികിത്സ സംവിധാനത്തിലെ അപര്യാപ്തത മൂലം ഒരു രോഗിയും മരണപ്പെടരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശനമായി നിഷ്കർഷിച്ചിരുന്നു. കോട്ടയത്തെത്തിയ വെന്റിലേറ്റർ ഏതൊക്കെ വകുപ്പുകൾക്ക് അനുവദിക്കണമെന്ന കാര്യത്തിൽപ്പോലും ഇതുവരെ തീരുമാനമെടുക്കാൻ ആർ എം ഒയ്ക്ക് സാധിച്ചിട്ടില്ലെന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത്.
അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും മറ്റൊരു മുഖമാണിത്. കോവിഡ് രോഗ വ്യാപനം സംസ്ഥാനമൊട്ടാകെ നടക്കുമ്പോഴും തികഞ്ഞ നിസ്സംഗതയാണ് ചില ഉദ്യോഗസ്ഥര്‍ക്ക്. രോഗം അതിന്റെ മൂർധന്യാവസ്ഥയില്‍ എത്തുമ്പോള്‍ ജീവന്‍ നിലനിര്‍ത്താന്‍ വെന്റിലേറ്റര്‍ കൂടിയേ തീരൂ. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് നല്‍കുന്നത്. എന്നാല്‍ അതൊക്കെ ഫലപ്രദമായി ഉപയോഗിക്കുവാന്‍ ചിലര്‍ തയ്യാറാകുന്നില്ല എന്നതാണ് സത്യം.