ന്യൂഡല്‍ഹി : ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുളള പോര് കൂടുതല്‍ മുറുകുന്നു. സാമൂഹിക മാധ്യമങ്ങള്‍ക്കായുളള പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പ്രകാരം ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കി.
ഐടി നിയമങ്ങള്‍ പാലിക്കുക അല്ലെങ്കില്‍ അനന്തരഫലങ്ങള്‍ നേരിടാന്‍ തയ്യാറാവുക എന്നാണ് കേന്ദ്രം ട്വിറ്ററിന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ‘നിയമങ്ങള്‍ പാലിക്കാനുള്ള അവസാന അവസരം നല്‍കുന്നു. വീഴ്ച വരുത്തിയാല്‍ ഐടി ആക്‌ട് 2000ത്തിലെ 79-ാം അനുച്ഛേദ പ്രകാരം ട്വിറ്ററിന് ലഭ്യമായ ബാധ്യതകളില്‍ നിന്നുളള ഒഴിവാക്കല്‍ പിന്‍വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റു ശിക്ഷാനിയമങ്ങള്‍ എന്നിവ പ്രകാരമുളള അനന്തരനടപടികള്‍ നേരിടേണ്ടി വരും.’ മുന്നറിയിപ്പില്‍ കേന്ദ്രം നിര്‍ദ്ദേശിക്കുന്നു.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിഗത അക്കൗണ്ടില്‍ നിന്ന് ബ്ലു ടിക് ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. തുടര്‍ന്നാണ് കേന്ദ്രം തിടുക്കത്തില്‍ ട്വിറ്ററിന് അന്ത്യശാസനം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ലോഗിന്‍ ചെയ്തിട്ടില്ലെന്ന കാരണമാണ് ബ്ലൂ ടിക് ട്വിറ്റര്‍ നീക്കം ചെയ്തതിന് പിന്നിലെന്നാണ് നിഗമനം.