ന്യൂഡല്‍ഹി: വിവാദമായ കാര്‍ഷിക ബില്ലുമായി മുന്നോട്ടുപോകാനുളള ബിജെപിയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചു. ശിരോമണി അകാലി ദള്‍ പാര്‍ട്ടിയുടെ മന്ത്രിയാണ് ഹര്‍സിമ്രത് കൗര്‍ ബാദല്‍. എന്നാല്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്രസര്‍ക്കാരിനുളള പിന്തുണ തുടരുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ സുഖ്ബീര്‍ ബാദല്‍ അറിയിച്ചു.
കാര്‍ഷിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതാണ് കാര്‍ഷിക ബില്‍ എന്നാണ് ബിജെപി അവകാശപ്പെടുന്നത്. എന്നാല്‍ ബില്‍ നിയമമായാല്‍ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ കര്‍ഷകരെ കാര്യമായി ബാധിക്കുമെന്ന് ആരോപിച്ച് ശിരോമണി അകാലിദള്‍ പാര്‍ട്ടി പ്രതിഷേധത്തിലാണ്.
ഇതിന്റെ തുടര്‍ച്ചയായാണ് ബില്‍ ലോക്‌സഭയില്‍ വോട്ടിനിടാന്‍ ഇരിക്കേ, ഹര്‍സിമ്രത് കൗര്‍ ബാദല്‍ രാജിവെച്ചത്. ബില്ലിനെ തുടക്കത്തില്‍ ശിരോമണി അകാലിദള്‍ പിന്തുണച്ചിരുന്നു. എന്നാല്‍ പഞ്ചാബിന് ബില്‍ ക്ഷീണം ചെയ്യുമെന്ന വിമര്‍ശനങ്ങളെ തുടര്‍ന്ന് പാര്‍ട്ടി നിലപാട് മാറ്റുകയായിരുന്നു.