ന്യൂഡൽഹി : കാർഷികസബ്സിഡി ആനുകൂല്യം മന്ത്രിയും സെക്രട്ടറിയും സ്വന്തമാക്കിയതിനെച്ചൊല്ലി വിവാദമുയർന്നപ്പോൾ ചട്ടങ്ങൾ കർശനമാക്കി കേന്ദ്രസർക്കാർ. ഇനി മന്ത്രിമാർക്കോ സെക്രട്ടറിമാർക്കോ അവരുടെ കുടുംബാംഗങ്ങൾക്കോ സഹായധനം നൽകാനാകില്ലെന്ന് വ്യക്തമാക്കിയാണ് പുതിയ ചട്ടങ്ങളും മാർഗനിർദേശങ്ങളും കേന്ദ്ര കാർഷിക മന്ത്രാലയം പുറത്തിറക്കിയത്. പരമാവധി സബ്സിഡി നിരക്കിലും കുറവ് വരുത്തിയിട്ടുണ്ട്. കേന്ദ്ര കൃഷിസഹമന്ത്രി ഭാഗീരഥ് ചൗധരിയുടെ രാജസ്ഥാനിലെ കക്കിരിക്കാ ഫാമിന് 99.6 ലക്ഷം രൂപ സബ്‌സിഡി നൽകിയതും മൃഗസംരക്ഷണവകുപ്പ് സെക്രട്ടറി നരേഷ്പാൽ ഗാംഗ്‌വറിന്റെ കുടുംബാംഗങ്ങളുടെ പദ്ധതികൾക്ക് 1.16 കോടി രൂപ വഴി വിട്ട് ആനുകൂല്യം ലഭിച്ചതുമാണ് വിവാദമായത്.
ഭരണഘടനാപരമായ പദവികൾ വഹിക്കുന്നവർ, കേന്ദ്ര-സംസ്ഥാന മന്ത്രിമാർ, എം.പി.മാർ, എം.എൽ.എ.മാർ, എം.എൽ.സി.മാർ എന്നിവർക്ക് സാമ്പത്തികസഹായത്തിന് ഇനി അർഹതയുണ്ടാകില്ല. മുനിസിപ്പൽ -കോർപ്പറേഷൻ മേയർമാർ, ജില്ലാ പഞ്ചായത്ത് അധ്യക്ഷർ എന്നിവരും അർഹതാ പട്ടികയിൽനിന്ന് പുറത്താകും. കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർക്കും നേരിട്ട് സഹായം ലഭിക്കില്ല. എന്നാൽ, എം.ടി.എസ്., ക്ലാസ്-4, ഗ്രൂപ്പ് ഡി ജീവനക്കാർക്ക് ഇളവുണ്ട്. പ്രതിമാസം 10,000 രൂപയോ അതിൽ കൂടുതലോ പെൻഷൻ ലഭിക്കുന്നവരും സാമ്പത്തികസഹായത്തിന് അർഹരായിരിക്കില്ല.






























