റാന്നി : കേന്ദ്ര വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകണമെന്നും വന്യമൃഗ ആക്രമണത്തിൽ ഇനി ഒരു ജീവൻ പോലും നഷ്ടപ്പെടാതിരിക്കാനും കൃഷിനാശം സംഭവിക്കുന്ന കർഷകർക്ക് മതിയായ നഷ്ടപരിഹാരം നൽകാനും വനംവകുപ്പും കേന്ദ്രസർക്കാരും നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം ) സംസ്ഥാന സമിതി അംഗം
എം.സി ജയകുമാർ ആവശ്യപ്പെട്ടു. റാന്നി താലൂക്കിലെ കിഴക്കൻ മലയോര ഗ്രാമ പ്രദേശമായ വടശ്ശേരിക്കര പഞ്ചായത്തിലെ മണിയാർ, അരീക്കക്കാവ്, പേഴുംപാറ- ചിറക്കൽ, ബൗണ്ടറി, കുമ്പളത്താമൺ തുടങ്ങിയ ജനവാസ മേഖലയിൽ അതിരൂക്ഷമായ വന്യജീവി ആക്രമണം നിലനിൽക്കുകയാണ്. ഇത് ഈ പ്രദേശത്തെ ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കുകയാണ്. റിസർവ് വനത്തോട് ചേർന്ന് നിൽക്കുന്ന ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് മരണഭയവും ഉണ്ട്. ജനജീവിതം ദുസഹം മാത്രമല്ല, കൃഷി മേഖലകളിൽ പൂർണ്ണമായും തിരിച്ചടിയാണ്. ഈ പ്രദേശങ്ങളിൽ ഒറ്റയാനായും ഒന്നിലധികം കാട്ടാനകളും എത്തി കൃഷികൾ നശിപ്പിക്കുകയും തെങ്ങുകളും പ്ലാവുകളും പിഴുതുകളയുന്നതും നിത്യസംഭവമാണ്.
കഴിഞ്ഞദിവസം വടച്ചേരിക്കര ചിറ്റാർ റോഡിൽ രണ്ട് കാട്ടാനകൾ നിലയുറപ്പിക്കുകയും യാത്രക്കാർക്ക് ഭീഷണി ആകുകയും ചെയ്തിട്ടുണ്ട്. കാട്ടുപന്നികളുടെ ശല്യവും ഭയാനകമാണ്. മനുഷ്യരെ ആക്രമിക്കുകയും കപ്പ, ചേന, ചേമ്പ് തുടങ്ങിയ കാർഷിക വിളകൾ നശിപ്പിക്കുകയാണ്. നിരവധി ആളുകൾക്ക് കാട്ടു പന്നി ആക്രമണം ഉണ്ടായിട്ടുണ്ട്. രാവിലെ ടാപ്പിംഗ് ജോലിക്ക് ബൈക്കിൽ പോയ അരീക്കക്കാവ് സ്വദേശിയായ യുവാവിന് കാട്ടുപന്നി ഇടിച്ചിടുകയും അതിദാരുണമായി മരണപ്പെടുകയും ഉണ്ടായി. കുരങ്ങുകളുടെ ശല്യവും രൂക്ഷമാണ്. തെങ്ങിലും ഫലവർഷങ്ങളിലും കയറി കായ് കനികൾ നശിപ്പിക്കുന്നു. കാട്ടുപോത്ത്, മുള്ളൻ പന്നി, മ്ലാവ്, മയിൽ തുടങ്ങിയവയുടെ ശല്യവും ഉണ്ട്. കഴിഞ്ഞവർഷം ഈ പ്രദേശത്ത് കടുവ എത്തിയിരുന്നു. രണ്ടാഴ്ചയോളം ജനങ്ങളെ ഭീതിയിലാഴ്ത്തുകയും പിന്നീട് അരീക്കകാവ്, റിസർവ് വനത്തിൽ ജഡം കാണുകയും ചെയ്തു സംഭവം ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് വനം നിയമവും വന്യ ജീവി സംരക്ഷണവും പൊളിച്ചെഴുതണമെന്നാവശ്യം ഉയര്‍ന്നത്.