ആലപ്പുഴ : കോവിഡ് വ്യാപനം രൂക്ഷമായ ആലപ്പുഴയില്‍ കോവിഡ് സെന്റര്‍ സജ്ജമായി. എടത്വ സെന്റ് അലോഷ്യസ് കോളെജ് ഓഡിറ്റോറിയത്തിലാണ് കോവിഡ് സെന്റര്‍ സജ്ജമാക്കിരിക്കുന്നത്. ജില്ലാ ഭരണകൂടം, സെന്റ് അലോഷ്യസ് കോളെജ് അധികൃതര്‍, എടത്വ ഗ്രാമപഞ്ചായത്ത്, കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ എന്നിവരുടെ സഹകരണത്തിലാണ് 60 കിടക്കകള്‍ സജ്ജീകരിച്ചിരിക്കുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിക്കുന്ന സ്വന്തം വീട്ടില്‍ സൗകര്യമില്ലാത്ത മറ്റ് അസുഖങ്ങള്‍ ഇല്ലാത്ത കോവിഡ് പോസിറ്റീവ് ആയിട്ടുള്ളവര്‍ക്ക് വേണ്ടിയാണ് ഈ കേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്. ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദ്ദേശം ലഭിച്ച് ഒരാഴ്ചകൊണ്ടാണ് സൗകര്യങ്ങള്‍ ഒരുക്കി പൂര്‍ത്തീകരിച്ചിട്ടുള്ളത്. ജില്ലാ ഭരണകേന്ദ്രം മെഡിക്കല്‍ ജീവനക്കാരെ അനുവദിച്ചുതരുന്ന മുറയ്ക്കു കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടങ്ങും. കോവിഡ് വ്യാപനം ശക്തമായതോടെ ആലപ്പുഴയിലും രോഗികളുടെ എണ്ണം പെരുകിയതോടെയാണ് അടിയന്തിരമായി കോവിഡ് സെന്റര്‍ തയ്യാറാക്കിയത്.