തൃശ്ശൂര്‍ : ബസിൽ കയറുന്നതിനിടെ മൂന്ന് വയസ്സുകാരന്റെ മാല പൊട്ടിച്ച തമിഴ്നാട് സ്വദേശിനിയെ നാട്ടുകാർ പോലീസിൽ ഏൽപിച്ചു. മധുര തൊപ്പക്കുളം സ്വദേശിനി കാളിയത്തറയെയാണ് (40) പിടികൂടിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. മണലൂർ സ്വദേശിയായ മൂന്ന് വയസ്സുകാരന്റെ മാലയാണ് ഇവർ പൊട്ടിച്ചെടുത്തത്. വടമ മേയ്ക്കാട് പോകാൻ മാളയിൽനിന്ന് ബസിൽ കയറുന്നതിനിെടയാണ് സംഭവം.
മാലയുമായി വേഗത്തിൽ പോകാൻ ശ്രമിച്ച യുവതിയെ കുട്ടിയുടെ അമ്മ പിടികൂടിയെങ്കിലും കുതറി ഓടി. കെ.കെ റോഡ് വഴി രക്ഷപ്പെട്ട യുവതി മാള പള്ളിപ്പുറത്തെ പുത്തൻചിറ പഞ്ചായത്ത് സെക്രട്ടറി അസീബലിയുടെ ഗേറ്റിന് പിറകിൽ ഒളിച്ചു. ഏറെ സമയത്തിന് ശേഷം കണ്ടെത്തിയ ഇവരെ അൽമാഈദ ഫുഡ് കമ്പനിയിലെ വനിത ജീവനക്കാരെ ഉപയോഗപ്പെടുത്തി നാട്ടുകാർ തടഞ്ഞുവെച്ചു. തുടർന്ന് പോലീസിൽ എൽപിക്കുകയായിരുന്നു. അതേസമയം മാല ബസ് സ്റ്റാൻഡിൽ നിന്ന് തന്നെ വീട്ടുകാർക്ക് ലഭിച്ചു. മാല റോൾഡ് ഗോൾഡാണെന്നും പോലീസ് സ്റ്റേഷനിൽ വന്ന് പരാതി നൽകാൻ തയാറെല്ലന്നും അറിയിച്ച് ഇവർ സ്ഥലംവിടുകയും ചെയ്തു. മാള പോലീസ് കേസെടുത്തു.