മണ്ണാര്‍ക്കാട് : മുളകുപൊടി മുഖത്തേക്കെറിഞ്ഞ് വീട്ടമ്മയുടെ സ്വര്‍ണ താലിമാല കവര്‍ന്നതായി പരാതി. മണ്ണാര്‍ക്കാട് പെരിമ്പടാരി ചെന്തിപ്പാടം കല്ലിങ്ങല്‍ വീട്ടില്‍ ലിഷയാണ് (50) കവര്‍ച്ചക്കിരയായത്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം.
വീട്ടിലെത്തിയ മോഷ്ടാവ് പേര് വിളിക്കുകയും അയല്‍ വീട്ടുകാരായിരിക്കുമെന്ന് ധരിച്ച് വാതില്‍ തുറന്ന ലിഷയുടെ മുഖത്തേക്ക് മുളകുപൊടി എറിഞ്ഞ് രണ്ട് പവന് വരുന്ന മാല പൊട്ടിച്ച് കടന്നുകളയുകയുമായിരുന്നു. ലിഷയുടെ ബഹളം കേട്ട് അയല്‍ക്കാര്‍ ഓടിയെത്തിയെങ്കിലും ആരെയും കണ്ടെത്താനായില്ല. വീട്ടിലെ വൈദ്യുതി ഫ്യൂസ് ഊരിയ നിലയിലായിരുന്നു. പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മണ്ണാര്‍ക്കാട് പോലീസ് കേസെടുത്തു.