തിരുവനന്തപുരം: മെഡിക്കല്‍ കോളജ് സ്റ്റേഷന് പരിധിയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് രോഗിയുടെ മാതാവിന്റെ സ്വര്‍ണമാല മോഷണം പോയ കേസിലെ
പ്രതി പിടിയിലായെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യായ
അറിയിച്ചു. നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ നാറാണി വാര്‍ഡില്‍ മുറിഞ്ഞാട കുരിശ്ശടിക്കുതാഴെ മുറിഞ്ഞാട വീട്ടില്‍ ശ്രീലത(43) യെയാണ് മെഡിക്കല്‍ കോളജ് പോലീസ് അറസ്റ്റ് ചെയ്തത്.
മകളുടെ പ്രസവത്തിനായി ആശുപത്രിയില്‍ ഒപ്പമുണ്ടായിരുന്ന കാട്ടാക്കട സ്വദേശിനിയുടെ അഞ്ച് പവന് തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷണം പോയത്. ആശുപത്രി വാര്‍ഡില്‍ രാത്രി ഉറങ്ങുന്ന സമയം തലയിണ കവറില്‍ ഊരി സൂക്ഷിച്ചിരുന്ന സ്വര്‍ണമാല കാണാതായ പരാതിയെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് പോലീസ് അന്നേദിവസം ആ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരെ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
ശ്രീലത ഉള്‍പ്പെടെയുള്ളവരെ പോലീസ് ചോദ്യം ചെയ്തെങ്കിലും ആരും മോഷ്ടിച്ചിട്ടില്ലായെന്നുള്ള മൊഴിയില്‍ ഉറച്ചുനിന്നു. തുടര്‍ന്ന്, ജീവനക്കാരുടെ വാസസ്ഥലം കേന്ദ്രീകരിച്ചു നടത്തിയ രഹസ്യ അന്വേഷണത്തിലാണ് മോഷണം തെളിഞ്ഞത്. മാലഒരു പ്രമുഖ ജ്വല്ലറിയില്‍ വില്പന നടത്താന്‍ ശ്രമിച്ചതായും പിന്നീട്, നെയ്യാറ്റിന്‍കരയിലെ ഒരു ജ്വല്ലറിയില്‍ വിറ്റതായും ലഭിച്ച രഹസ്യവിവരത്തിെന്റ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു.
സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഡോ. ദിവ്യ വി. ഗോപിനാഥിന്റെ നിര്‍ദേശാനുസരണം മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കിയായിരുന്നു അന്വേഷണം. മെഡിക്കല്‍ കോളജ് എസ്.എച്ച്.ഒ ഹരിലാലിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ പ്രശാന്ത്, ജ്യോതിഷ്, പ്രിയ, മാര്വിന് എസ്.സി.പി.ഒ രഞ്ജിത്ത്, സി.പി.ഒ-മാരായ പ്രതാപന്, അനില്‍ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നല്‍കിയത്.