കായംകുളം : ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവരുന്ന ആഡംബര പ്രിയനായ മോഷ്ടാവ് പിടിയില്‍. കരുനാഗപ്പള്ളി കുലശേഖരപുരം ആദിനാട് വടക്ക് കളത്തില്‍ വീട്ടില്‍ നിസാറാണ് (39) പോലീസിന്‍റെ പിടിയിലായത്. ഒറ്റക്ക് പോകുന്ന സ്ത്രീകളുടെ മാല പിടിച്ചു പറിക്കലാണ് ഇയാളുടെ രീതി. കഴിഞ്ഞ 27ന് പുലര്‍ച്ചെ പുതുപ്പള്ളി പ്രയാര്‍ വടക്ക് ഷാപ്പ് മൂക്ക് – കളീക്കശ്ശേരില്‍ നടന്നുപോവുകയായിരുന്ന സ്ത്രീയുടെ മാല കവര്‍ന്ന സംഭവത്തിലാണ് പിടിയിലായത്.
ഓച്ചിറ ക്ഷേത്രത്തിലെ ജീവനക്കാരിയായ വനജയുടെ കഴുത്തില്‍ നിന്നും 3 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് അപഹരിച്ചത്. ഹെല്‍മെറ്റും ജാക്കറ്റും ധരിച്ച് സ്കൂട്ടറില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്നതാണ് ഇയാളുടെ രീതി. നിരവധി സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതിയിലേക്ക് എത്തിയത്.
വള്ളികുന്നം, ഓച്ചിറ, ശൂരനാട് തുടങ്ങിയ സ്റ്റേഷനുകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. കായംകുളം സി.ഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേന്ദ്രന്‍, സുനില്‍ കുമാര്‍, ദീപക്, വിഷ്ണു, ഷാജഹാന്‍, അനീഷ്, ഫിറോസ്, ഹാരിസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.