കോഴിക്കോട് : കോഴിക്കോട് ലുലു മാള്‍ തുറന്നു. ലുലു ഗ്രുപ്പ് നാടിന്റെ വികസനത്തിനു ഒപ്പം എന്നും ഉണ്ടാകുമെന്നു ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു. വികസനത്തിനു തടസം ആകുന്നത് ഗതാഗത കുരുക്കാണ്. ഗതാഗത സൗകര്യം വികസനത്തില്‍ പ്രധാന ഘടകമാണ്. എല്ലാവരും ഇക്കാര്യത്തില്‍ ഒരുമിച്ചു നിക്കണം എന്നും യൂസഫലി പറഞ്ഞു. ഗതാഗത കുരുക്കിന് കാരണം വാഹന പെരുപ്പമാണ്. ഇത് പരിഹരിക്കാന്‍ പുതിയ റോഡുകളും പലങ്ങളും നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി എന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സ്ഥലം ഏറ്റെടുക്കാന്‍ എല്ലാ രാഷ്ട്രീയ നേതാക്കളും ഒരുമിച്ചു നില്‍ക്കണം എന്നും മന്ത്രി റിയാസ് പറഞ്ഞു.
മാവൂര്‍ റോഡിന് സമീപം മാങ്കാവില്‍ മൂന്നര ലക്ഷം സ്‌ക്വയര്‍ഫീറ്റിലാണ് ലുലു മാള്‍ ഒരുങ്ങിയിരിക്കുന്നത്. മൂന്ന് നിലകളിലായി അത്യാധുനിക സൗകര്യങ്ങളോടെയുള്ള മാള്‍ അന്താരാഷ്ട്ര ഷോപ്പിങ്ങ് അനുഭവമാണ് നല്‍കുക. തിങ്കളാഴ്ച രാവിലെ 11 മണി മുതല്‍ ഷോപ്പിങ്ങിനായി മാള്‍ തുറക്കും. ഉദ്ഘാടനത്തോട് അനുബന്ധിച്ച് പ്രത്യേക ഓഫറുകളും ഒരുക്കിയിട്ടുണ്ട്. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്ട് എന്നിവയ്ക്ക് പുറമേ വടക്കന്‍ കേരളത്തിലെ ഏറ്റവും മികച്ച ഇന്‍ഡോര്‍ ഗെയിമിങ്ങ് കേന്ദ്രമായ ഫണ്‍ടൂറയും ലുലുവില്‍ സജ്ജമാണ്. ഒന്നര ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലോകത്തെ വിവിധിയിടങ്ങളില്‍ നിന്നുള്ള മികച്ച ഉത്പന്നങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്തുകയാണ്. മേയര്‍ ബീന ഫിലിപ്പ്, എംഎല്‍എമാരായ പി കെ കുഞ്ഞാലി കുട്ടി, അഹമ്മദ് ദേവര്‍ കോവില്‍, തോട്ടത്തില്‍ രവീന്ദ്രന്‍, ബിജെപി പ്രസിഡന്റ് കെ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.