കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്ര മോദി കരയിലുള്ള സ്ഥാപനങ്ങൾ മുതലാളിമാർക്ക് വിൽക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ കടൽ വിൽക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി ചാണ്ടി ഉമ്മൻ പറഞ്ഞു. തിരുവമ്പാടിയിൽ യു ഡി എഫ് സ്ഥാനാർഥി സി പി ചെറിയ മുഹമ്മദിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വികസനത്തിൽ നിന്നും ജനശ്രദ്ധ മാറ്റാൻ വർഗീയത ഇളക്കി വിടുന്ന മോദിയുടെ ശൈലിയാണ് പിണറായിക്കും. മോദി കോട്ട് ഇടുമ്പോൾ പിണറായി മുണ്ട് ഉടുക്കുന്നു എന്ന വ്യത്യാസം മാത്രമേ ഉള്ളൂ. ഉമ്മൻചാണ്ടി സർക്കാർ അഞ്ചുവർഷത്തിനുള്ളിൽ കൊച്ചി മെട്രോ യാഥാർഥ്യമാക്കി. കോഴിക്കോടും തിരുവനന്തപുരത്തും മെട്രോക്ക് നടപടി സ്വീകരിച്ചു. കോഴിക്കോട് തറക്കലിട്ടു. തുടർന്നുവന്ന പിണറായി സർക്കാരിന് ഒരു നെയിം ബോർഡ് പോലും സ്ഥാപിക്കാൻ കഴിഞ്ഞില്ല. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഈ രണ്ട് മെട്രോകളും യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ കോഴിക്കോട് നോർത്ത് പാറോപ്പടിയിൽ നിന്നാണ് ചാണ്ടി ഉമ്മന്റെ പ്രചാരണ പരിപാടികൾ ആരംഭിച്ചത്. കോഴിക്കോട് സൗത്ത് ചോവായൂരിൽ ഗൃഹസന്ദർശനം, കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണയിൽ യു ഡി വൈ എഫ് ബൈക്ക് റാലി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവമ്പാടിയിൽ മുക്കത്ത് പുതിയ വോട്ടർമാരുമായി സംവദിച്ച അദ്ദേഹം കോടഞ്ചേരിയിൽ യു ഡി എസ് എഫ് യോഗത്തിലും പങ്കെടുത്തു. ബാലുശേരിയിൽ തെരഞ്ഞെടുപ്പ് റാലിയോടെയാണ് ചാണ്ടി ഉമ്മന്റെ പ്രചാരണം ഇന്ന് അവസാനിച്ചത്.