ചങ്ങനാശേരി : നഗരസഭാ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കാന്‍ ശ്രമിച്ചതു തടയാന്‍ എത്തിയ ശുചീകരണ വിഭാഗം തൊഴിലാളിക്കു യുവാവിന്റെ ക്രൂരമര്‍ദനം. തൃക്കൊടിത്താനം പ്രിയദര്‍ശിനി വീട്ടില്‍ സെല്‍വരാജിനാണു (55) മര്‍ദനമേറ്റത്. മൂക്കിനു ഗുരുതരമായി പരുക്കേറ്റ സെല്‍വരാജിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. നഗരസഭാ കാര്യാലയത്തില്‍ അതിക്രമിച്ചു കയറിയ ആളെ സെക്യൂരിറ്റി ജീവനക്കാരന്‍ ചോദ്യം ചെയ്തു. ഇതില്‍ കുപിതനായ ആള്‍ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതു കണ്ട് ഓടിയെത്തിയതാണ് സെല്‍വരാജ്.
പിടിച്ചു മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ യുവാവ് ആക്രമിക്കുകയായിരുന്നെന്നും മര്‍ദിച്ച ആളെ കണ്ടാല്‍ തിരിച്ചറിയാമെന്നും സെല്‍വരാജ് പറഞ്ഞു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പിടിച്ചെടുത്ത ബോര്‍ഡുകള്‍ നഗരസഭയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇത് എടുത്തു കൊണ്ടു പോകുന്നതിനാണു യുവാവ് എത്തിയതെന്നാണു സംശയിക്കുന്നത്. പോലീസ് കേസെടുത്തു.