പത്തനംതിട്ട : പതിറ്റാണ്ടുകളായി പൊതുസമൂഹത്തിൻ്റെ പിന്തുണയോടെ പടുത്തുയർത്തിയതാണ് കേരളത്തിൻ്റെ മതനിരപേക്ഷ വിദ്യാഭ്യാസമെന്ന് ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ. ദേശീയതലത്തിൽ വിദ്യാഭ്യാസത്തെ വർഗ്ഗീയവത്കരിക്കാനുള്ള അജണ്ടകളെ കേരളമിന്ന് പ്രതിരോധിക്കുകയാണ്. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരായ എതിർപ്പ് അതിനുദാഹരണം. പൊതു വിദ്യാലയങ്ങളുടെ പ്രവർത്തനസമയം അക്കാദമിക താല്പര്യത്തോടെയാണ് നടപ്പാക്കേണ്ടത്. മതപഠനം അതിനനുസരിച്ച് ചിട്ടപ്പെടുത്തണം. ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിലെ പൊതുവിദ്യാലയങ്ങളിലെ അക്കാദമിക മാറ്റങ്ങൾ രാഷ്ടീയ ഗുഢാലോചനകളുടെ ഭാഗമായോ മതസംഘടനകളുടെ സമ്മർദ്ദത്തിന് വിധേയമായോ തടസ്സപ്പെടുന്നത് ദൂരവ്യാപക ദോഷഫലമുളവാക്കും.
അദ്ധ്യാപകരും ജാഗ്രത പുലർത്തണം. അധിക പ്രവൃത്തി ദിനങ്ങൾ അടിച്ചേൽപ്പിക്കാതെ വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെച്ച പ്രായോഗിക നിർദ്ദേശങ്ങൾ വിദ്യാലയങ്ങളുടെ പ്രാദേശിക സൗകര്യങ്ങൾ കൂടെ നോക്കി ക്രിയാത്മകമായി നടപ്പിലാക്കി കുട്ടിയുടെ ഗുണമേന്മാവിദ്യാഭ്യാസത്തിനും അധ്യാപകരുടെ തൊഴിൽ സംരക്ഷണത്തിനും സജ്ജരാകണമെന്നും ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡൻ്റ് അരുൺ മോഹൻ അധ്യക്ഷത വഹിച്ചു. പറക്കോട് ബ്ലോക്ക് പ്രസിഡൻ്റ് എം പി മണിയമ്മ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സുശീൽ കുമാർ, സംസ്ഥാന കമ്മറ്റിയംഗം കെ.എ തൻസീർ, ജില്ലാ സെക്രട്ടറി റെജി, മലയാലപ്പുഴ ഷൈൻ ലാൽ, തോമസ് എം. ഡേവിഡ്.എബ്രഹാം, എസ്.ബിനു, പി ടി മാത്യു എന്നിവർ പ്രസംഗിച്ചു. ബി.എഫ് ഓ അരുൺ ഗണേഷ് ക്ലാസെടുത്തു