തിരുവനന്തപുരം : നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കസ്റ്റംസ് കുറ്റപത്രത്തിൽ കാരാട്ട് ഫൈസലിനെതിരെ ഗുരുതര പരാമർശം. സ്വർണക്കടത്തിൽ കാരാട്ട് ഫൈസൽ നിക്ഷേപം നടത്തിയെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഒന്നാം പ്രതി സരിത്തിൻ്റെ മൊഴിയിലാണ് ഫൈസലിൻ്റെ പരാമർശം. 2019ൽ നടന്ന നയതന്ത്ര സ്വർണക്കടത്തിലാണ് ഇയാൾ പണം മുടക്കിയതെന്ന് സരിത് മൊഴി നൽകി.
എം ശിവശങ്കർ ഇൻ്റലിജൻസ് റിപ്പോർട്ട് ചോർത്തിയെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു. എൻഐഎ മാപ്പുസാക്ഷിയാക്കിയ സന്ദീപ് മുഖ്യ പ്രതിയാണെന്നും കസ്റ്റംസ് കുറ്റപത്രത്തിൽ പറയുന്നു. 21 തവണ ഈ സംഘം ഇത്തരത്തിൽ സ്വർണക്കടത്ത് നടത്തിയിട്ടുണ്ടെന്ന് സരിത്ത് മൊഴിനൽകി. കാരാട്ട് ഫൈസൽ വിദഗ്ധനായ കള്ളക്കടത്തുകാരനാണെന്ന് സന്ദീപ് തന്നോട് പറഞ്ഞു.
കാരാട്ട് ഫൈസലും ഫൈസൽ ഫരീദും മറ്റൊരാളും ചേർന്നാണ് 2019ൽ സ്വർണക്കടത്തിനു നിക്ഷേപം നടത്തിയത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന എം ശിവശങ്കർ സ്വർണക്കടത്തിനെപ്പറ്റിയുള്ള ഇൻ്റലിജൻസ് റിപ്പോർട്ട് ചോർത്തി ഇവർക്ക് നൽകിയെന്നും കുറ്റപത്രത്തിൽ സൂചിപ്പിക്കുന്നു. സന്ദീപിനെ സ്ഥിരം കുറ്റവാളിയാക്കിയാണ് കസ്റ്റംസ് കുറ്റപത്രം.