ചാത്തന്നൂര്‍ : വിഎസ് പക്ഷത്തെ വെട്ടി നിരത്തി. ചാത്തന്നൂരില്‍ പിണറായി പക്ഷം ആധിപത്യം സ്ഥാപിച്ചു. ചാത്തന്നൂര്‍ ഏരിയ കമ്മിറ്റിയില്‍ വിഎസ് പക്ഷത്തിന്റെ ആധിപത്യം അവസാനിപ്പിച്ച് പിണറായി പക്ഷം. ജില്ലയില്‍ വിഎസ് പക്ഷത്തിന് വളരെയേറെ സ്വാധീനമുള്ള ചാത്തന്നൂര്‍ ഏരിയ കമ്മിറ്റിയിലെ പ്രമുഖരായ നേതാക്കളെ ജില്ലാ കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതോടെ ചാത്തന്നൂരില്‍ സിപിഎമ്മിന്റെ രാഷ്ട്രീയ ചിത്രം മാറിമറിഞ്ഞു. ജില്ലാകമ്മിറ്റി അംഗങ്ങളായ കെ.പി കുറുപ്പിനെയും എസ്.പ്രകാശിനെയും ഒഴിവാക്കിയതില്‍ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. സോഷ്യല്‍ മീഡിയയിലൂടെ പലരും രൂക്ഷമായ ഭാഷയിലാണ് നേതൃത്വത്തെ വിമര്‍ശിച്ചത്. വിഎസ് പക്ഷത്തെ ജില്ലയിലെ തന്നെയുള്ള കരുത്തരായ നേതാക്കളായ എസ്.പ്രകാശ്, മുന്‍ പരവൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കൂടിയായ കെ.പി കുറുപ്പ് എന്നിവരെ ഒഴിവാക്കിയപ്പോള്‍ പിണറായി പക്ഷത്ത് നിന്നുള്ള ജയപ്രകാശും വിഎസ് പക്ഷത്തുള്ള പി.വി സത്യനുമാണ് ജില്ലാ കമ്മിറ്റിയില്‍ എത്തിയത്.
നിലവില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ തുളസീധരകുറുപ്പിനെ നിലനിര്‍ത്തുകയും ചെയ്തു. സിപിഎം ചാത്തന്നൂര്‍ ഏരിയ സെക്രട്ടറി കൂടിയായ കെ.സേതുമാധവന്‍ ഏരിയ സെക്രട്ടറി എന്ന നിലയില്‍ ജില്ലാ കമ്മിറ്റിയിലുണ്ട്. തലമുറമാറ്റം എന്നാണ് സിപിഎം പറയുന്നതെങ്കിലും ഇന്നും വിഎസ് പക്ഷത്ത് പി.കെ ഗുരുദാസനെയും മേഴ്‌സികുട്ടിയമ്മയെയും ആശ്രയിച്ചു നില്‍ക്കുന്നവരുണ്ട്. നടപടി ഇവര്‍ക്കുള്ള താക്കീതാണെന്ന് പിണറായി പക്ഷത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനതലത്തില്‍ തന്നെ നിശബ്ദമായ വിഎസ് പക്ഷത്തിന് സ്വാധീനമുള്ള കൊല്ലത്ത് അവശേഷിക്കുന്ന നേതാക്കളെയും കൂടി നിശബ്ദമാക്കിയതിന്റെ സന്തോഷത്തിലാണ് പിണറായി പക്ഷം. വിഎസ് പക്ഷ നേതാക്കള്‍ സഹകരണമേഖലയില്‍ നടത്തിയ അഴിമതികള്‍ ചൂണ്ടിക്കാട്ടിയാണ് പണറായി പക്ഷം ഒതുക്കല്‍ പ്രക്രിയ സമ്പൂര്‍ണമായി നടപ്പാക്കിയത്.