തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലുള്ള തീർത്ഥപാദമണ്ഡപം സ്ഥിതി ചെയ്യുന്ന ഭൂമി പോലീസിനെ ഉപയോഗിച്ച് ഇന്നലെ വൈകിട്ട് റവന്യു വകുപ്പ് ഏറ്റെടുത്ത നടപടി അങ്ങേയറ്റം പ്രകോപനപരവും പ്രതിഷേധാർഹവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ശ്രീ നാരായണ ഗുരു. മഹാത്മാ അയ്യങ്കാളി എന്നിവർക്കൊപ്പം നവോത്ഥാനത്തിന് നേതൃത്വം നൽകിയ ഋഷിശ്രേഷ്ഠൻ ശ്രീ ചട്ടമ്പിസ്വാമികളുടെ സ്മാരകമാണ്, അദ്ദേഹത്തിന്റെ പ്രതിമ വെച്ച് ആരാധന നടത്തി വരുന്നതാണ് തീർത്ഥപാദ മണ്ഡപം. പതിറ്റാണ്ടുകളായി ആദ്ധ്യാത്‌മിക-സാംസ്കാരിക പരിപാടികൾ നടന്നു വരികയാണിവിടെ.
ഉചിതമായ ഒരു സ്മാരകമന്ദിരം പണികഴിക്കാനുള്ള പദ്ധതിക്ക് തറക്കല്ലിടാൻ നാളുകൾ മാത്രം ബാക്കി നിൽക്കെയാണ് സംസ്ഥാന റവന്യു വകുപ്പ് നാടകീയമായി തീർത്ഥപാദമണ്ഡപം പോലീസിനെ ഉപയോഗിച്ച് ഏറ്റെടുത്ത് മുദ്ര വെയ്ക്കുന്നത്. ചട്ടമ്പിസ്വാമികളോടുള്ള ഈ പരസ്യമായ അവഹേളനം കേരളത്തിനകത്തും പുറത്തുമുള്ള അദ്ദേഹത്തിന്റെ ഭക്തരെയും വിശ്വാസി സമൂഹത്തിനെയും വ്രണപ്പെടുത്തുന്നതാണ്. സംസ്ഥാന സർക്കാർ തന്നെ അനുവദിച്ചു നൽകിയ ഭൂമിയാണ് ഇപ്പോൾ പിടിച്ചെടുത്തിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു.