തൃശ്ശൂര്‍: ഗുരുവായൂര്‍ കോട്ടപ്പടിയില്‍ മരം മുറിക്കുന്നതിനിടെ തൊഴിലാളി ഷോക്കേറ്റ് മരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും മൃതദേഹവുമായി ചാവക്കാട് കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചു. മരം മുറിക്കുന്നതിനിടെ വൈദ്യുതി ലൈന്‍ ഓണ്‍ ചെയ്തതാണ് അപകട കാരണം. കെഎസ്ഇബിയുടെ അനാസ്ഥ കാരണമാണ് മരണം എന്നാരോപിച്ചാണ് കെ.എസ്.ഇ.ബി ഓഫീസ് ഉപരോധിച്ചത്.
ചേമ്പാലകുളങ്ങര ക്ഷേത്രത്തിനടതുത്ത് കൊഴക്കി വീട്ടില്‍ നാരായണനാണ് (46) ബുധനാഴ്ച വൈകീട്ട് മരം മുറിക്കുന്നതിനിടെ ഷോക്കേറ്റ് മരിച്ചത്. ഒരു മണിക്കൂറോളം നീണ്ട ഉപരോധം അധികൃതര്‍ നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് പിന്‍വലിച്ചത്. ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാമെന്നും കുടുംബത്തിന് ധനസഹായം നല്‍കുന്നത് ഉന്നത അധികൃതര്‍ക്ക് കത്ത് നല്‍കാമെന്നും കെ.എസ്.ഇ.ബി അധികൃതര്‍ ഉറപ്പ് നല്‍കി. അപകട മരണം സംഭവിച്ചിട്ടും കെ.എസ്.ഇ.ബി അധികൃതര്‍ തിരിഞ്ഞുനോക്കാത്തതില്‍ രോഷാകുലരായ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് മൃതദേഹമടങ്ങിയ ആംബുലന്‍സുമായി കെ.എസ്.ഇ.ബി ഓഫീസിലെത്തുകയായിരുന്നു.