ആറ്റിങ്ങല്‍ : വീട് നിര്‍മാണത്തിനായി പലതവണയായി 30 ലക്ഷം രൂപ കൈപ്പറ്റിയിട്ട് പണിപൂര്‍ത്തിയാക്കാതെ കരാറുകാരന്‍ മുങ്ങിയതായി പരാതി. ആറ്റിങ്ങല്‍ സ്വപ്ന കണ്‍സ്ട്രക്ഷന്‍സ് ഉടമ തോമസ് ജോസഫിനെതിരെയാണ് ആറ്റിങ്ങല്‍ വെള്ളൂര്‍കോണം എക്സ്മസ് കോട്ടേജില്‍ സാറാമ്മ പരാതി നല്‍കിയത്. വീട് നിര്‍മാണത്തിനായി 2021 ജനുവരിയിലാണ് സാറാമ്മയും ഭര്‍ത്താവ് മോറിസ് ബെന്നും തോമസ് ജോസഫുമായി കരാറിലേര്‍പ്പെട്ടത്. ഒമ്പത് മാസത്തിനുള്ളില്‍ 31.35 ലക്ഷം രൂപയ്ക്ക് വീടുപണി പൂര്‍ത്തിയാക്കാമെന്നതായിരുന്നു കരാര്‍. എന്നാല്‍ വീടുപണി ആരംഭിച്ചപ്പോള്‍ മുതല്‍ കൂടുതല്‍ പണം ആവശ്യപ്പെടാന്‍ തുടങ്ങി. ആഗസ്തിന് മുമ്പ് 30 ലക്ഷം രൂപ തോമസ് ജോസഫ് വാങ്ങി.
വീണ്ടും 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പറ്റില്ലെന്നും നല്‍കിയ പണത്തിനുള്ള പണി പൂര്‍ത്തിയാക്കണമെന്നും നിര്‍മാണം പൂര്‍ത്തിയായാല്‍ ബാക്കി പണം തരാമെന്നും സാറാമ്മ അറിയിച്ചു. എന്നാല്‍ 15 ലക്ഷം രൂപ കൂടി കിട്ടാതെ പണി ചെയ്യില്ല എന്നായിരുന്നു തോമസ് മറുപടി നല്‍കിയത്. ഇതോടെയാണ് സാറാമ്മ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ക്കും എസ്.പി ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്തു. അന്വേഷണം പുരോഗമിക്കുകയാണ്.