കൊച്ചി: സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി സ്വര്‍ണ്ണവും പണവും കവര്‍ന്ന ദമ്പതികള്‍ എറണാകുളത്ത് അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ അശ്വതി പ്രസാദ്, ഗോഗുല്‍ എം എസ് എന്നിവരെയാണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് കല്ലൂര്‍ മൈട്രോ സ്റ്റേഷന്‍ പരിസരത്തേക്ക് കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിനിയെ ദമ്പതികള്‍ വിളിച്ചുവരുത്തിയത്. കാറില്‍ ബലമായി കയറ്റിയ ഇവര്‍ പെണ്‍കുട്ടിയുടെ മുഖത്ത് മുളക് സ്‌പ്രേ അടിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ കഴുത്തില്‍ കിടന്ന ഒന്നര പവന്റെ മാലയും കൈവശമുണ്ടായിരുന്ന 20,000 രൂപയും ഇവര്‍ കവര്‍ന്നു. ശേഷം പാലാരിവട്ടത്തെ ആളൊഴിഞ്ഞ ഭാഗത്ത് പെണ്‍കുട്ടിയെ ഇവര്‍ ഇറക്കിവിട്ടു. സമാനമായ രീതിയില്‍ വൈറ്റില നിന്ന് മറ്റൊരു പെണ്‍കുട്ടിയുടെ കൈയില്‍ നിന്ന് 20,000 രൂപ ദമ്പതികള്‍ കവര്‍ന്നിരുന്നു.
ഇരുവരുടെയും പരാതിയെ തുടര്‍ന്ന് കേസെടുത്ത പോലീസ് തൃപ്പൂണിത്തുറയില്‍ നിന്നാണ് ദമ്പതികളെ അറസ്റ്റ് ചെയ്തത്. ദമ്പതികളുടെ വാഹനം ഓടിച്ച അമ്പാടി എന്ന് വിളിക്കുന്ന ഡ്രെവര്‍ ഒളിവിലാണ്. ഇയാള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിട്ടുണ്ട്.