കൊച്ചി : മലഞ്ചരക്ക് മൊത്തവ്യാപാരത്തിന്റെ മറവില്‍ ചെറുകിട വ്യാപാരികളെ കബളിപ്പിച്ച് കോടികള്‍ തട്ടിയെടുത്ത എറണാകുളം കടവന്ത്ര ഡിഡി വ്യാപാരഭവന്റെ മാനേജിംഗ് ഡയറക്ടര്‍ അജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട സ്വദേശികളായ അബ്രഹാം പി സാമുവല്‍, ബെന്നി ഡാനിയല്‍, മുവാറ്റുപുഴ സ്വദേശി എംഎം അസ്സീസ് എന്നിവരില്‍നിന്നാണ് കോടികള്‍ തട്ടിയെടുത്തത്.
അജയകുമാര്‍ മാനേജിംഗ് ഡയറക്ടറായ കമ്പനി നല്‍കിയ ഒര്‍ഡര്‍ അനുസരിച്ച് ടണ്‍ കണക്കിന് കുരുമുളക് ശേഖരിച്ച് നല്‍കി, എന്നാല്‍ ഇതിന്റെ വില നല്‍കാതെ ഇവരെ കബളിപ്പിക്കുകയായിരുന്നു. നിരവധി അവധികള്‍ പറഞ്ഞെങ്കിലും അജയകുമാര്‍ പണം നല്‍കിയില്ല. തുടര്‍ന്ന് പണം ലഭിക്കാനുള്ള വ്യാപാരികള്‍ ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് തേവര പോലീസ് അജയകുമാറിനെ അറസ്റ്റ് ചെയ്തത്.
10 ദിവസത്തിനകം പണം നല്‍കാമെന്ന് പറഞ്ഞാണ് ഇവരില്‍ നിന്ന് കമ്പനി കുരുമുളക് വാങ്ങിയത്. അജയകുമാറിന്റെ നിര്‍ദ്ദേശമനുസരിച്ച് സമൂഹത്തിലെ ചില ഉന്നതരാണ് ഇടനിലക്കാരായത്. ആദ്യസമയത്ത് ചിലര്‍ക്ക് കൃത്യമായി പണം നല്‍കിയിരുന്നു. എന്നാല്‍ പിന്നീട് നല്‍കിയ ചെക്കുകള്‍ മടങ്ങിയതോടെയാണ് കമ്പനിയുടെ തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്
പത്തനംതിട്ട സ്വദേശി എബ്രഹാം പി.സാമുവലിന് ഒരു കോടിയോളം രൂപയാണ് നല്‍കാനുള്ളത്. ബെന്നി ഡാനിയലിന് 23ലക്ഷവും അസീസിന് 22ലക്ഷവും മറ്റു ചിലര്‍ക്ക് 50 ലക്ഷം രൂപയും നല്‍കാനുണ്ട്. പണം ചോദിച്ചെത്തിയവര്‍ക്കെതിരെ കള്ളക്കേസ് കൊടുത്ത് പ്രതിരോധിക്കാനാണ് അജയകുമാറും സംഘവും ശ്രമം നടത്തിയത്. ഇത് ആസൂത്രിതമായ തട്ടിപ്പാണെന്നു മനസ്സിലായതോടെയാണ് വ്യാപാരികള്‍ പോലീസില്‍ പരാതി നല്‍കിയത്. തട്ടിപ്പിലൂടെ സമ്പാദിച്ച പണം ഉപയോഗിച്ച് സ്ഥാപന ഉടമകള്‍ ആഡംബര ജീവിതം നയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത അജയകുമാറിനെ കോടതിയില്‍ ഹാജരാക്കി.