കോട്ടയം: വാഹന വായ്പയുടെ പേരില്‍ യുവാവില്‍നിന്ന് അരലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത ആളെ പോലീസ് അറസ്റ്റു ചെയ്തു. പുതുപ്പള്ളി പരിയാരം പാലക്കുളത്ത് ഐജു മാത്യു(28)വിനെയാണ് വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ എം.ജെ. അരുണ്‍ അറസ്റ്റ് ചെയ്തത്.
ഒ.എല്‍.എക്‌സില്‍ ഇരുചക്ര വാഹന വായ്പയ്ക്കായി അന്വേഷിച്ച ചമ്പക്കുളം പുതിയമഠത്തില്‍ ടോം ജോര്‍ജിനെ കബളിപ്പിച്ച് 60,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്. ഡിസംബര്‍ 17 നായിരുന്നു കേസിനാസ്പദമായ സംഭവം. ഇരുചക്ര വാഹനം വാങ്ങുന്നതിനു വായ്പ ആവശ്യമുണ്ടെന്നു കാട്ടി ടോം ജോര്‍ജ് ഒ.എല്‍.എക്‌സില്‍ പരസ്യം നല്‍കിയിരുന്നു. ഇതു കണ്ട ഐജു അറിയിച്ചതനുസരിച്ചു ടോം വാട്‌സ്ആപ്പില്‍ വായ്പയ്ക്ക് ആവശ്യമായ രേഖകള്‍ അയച്ചുനല്‍കി.
രേഖകള്‍ പരിശോധിച്ച ഐജു വായ്പ അനുവദിക്കുന്നിന് ആവശ്യമായ സിബില്‍ സ്‌കോര്‍ കുറവാണെന്നും ഇതു കൂട്ടുന്നതിന് 70,000 രൂപ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്നും ടോമിനോട് ആവശ്യപ്പെട്ടു. ഇതു വിശ്വസിച്ച ടോം അക്കൗണ്ടില്‍ 70,000 രൂപ നിക്ഷേപിച്ചു. തുടര്‍ന്നു സ്‌കോര്‍ വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ രേഖകളും മൂന്നു ചെക്കും കുടയംപടി ഭാഗത്തുവച്ച് ഐജുവിനു ടോം കൈമാറി. ടോം വീട്ടിലെത്തിയപ്പോള്‍ ഐജുവിനു നല്‍കിയ ചെക്ക് ഉപയോഗിച്ച് 60,000 രൂപ അക്കൗണ്ടില്‍നിന്നു പിന്‍വലിച്ചതായി കണ്ടെത്തി. ചിങ്ങവനത്തെ ഫെഡറല്‍ ബാങ്കില്‍നിന്നു പണം പിന്‍വലിച്ചതായാണു കണ്ടെത്തിയത്. ടോം ബാങ്ക് അധികൃതരെ ബന്ധപ്പെട്ടു രണ്ടു ചെക്കുകളും ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം നല്‍കി.
ഐജുവിനെ ബന്ധപ്പെട്ടെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. തുടര്‍ന്നു വെസ്റ്റ് പോലീസ് സ്‌റ്റേഷനിലെത്തി ടോം പരാതി നല്‍കി. പ്രതി കൈപ്പുഴ ഭാഗത്തു വാടക വീട്ടില്‍ ഒളിച്ചുതാമസിക്കുന്നതായി ജില്ലാ പോലീസ് മേധാവി പി.എസ്. സാബുവിനു രഹസ്യവിവരം ലഭിച്ചിരുന്നു. ഡിവൈ.എസ്.പി: ആര്‍. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണത്തിലാണു പ്രതിയെ പിടികൂടിയത്. വെസ്റ്റ് എസ്.ഐ: ടി.ശ്രീജിത്ത്, എ.എസ്.ഐ: പി.എന്‍ മനോജ്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ ടി.ജെ. സജീവ്, വിനീഷ് പി. രാജന്‍, സിവില്‍ പോലീസ് ഓഫിസര്‍ കെ.ആര്‍. ബൈജു എന്നിവര്‍ ചേര്‍ന്നാണു പ്രതിയെ പിടികൂടിയത്. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. ഇയാള്‍ കൂടുതല്‍ തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നു പരിശോധിച്ചുവരുന്നതായി പോലീസ് പറഞ്ഞു.