മാവേലിക്കര: മാവേലിക്കര സ്വദേശിയില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി പിടിയില്‍. പ്രായിക്കര വിളയില്‍ വീട്ടില്‍ സത്യദേവനാണ് വന്‍ തട്ടിപ്പിനിരയായത്. സത്യദേവനില്‍ നിന്ന് 24.25 ലക്ഷം രൂപയാണ് തട്ടിപ്പ് സംഘം തട്ടിയെടുത്തത്. 2021 ജൂലൈ മുതല്‍ ഒക്ടോബര്‍വരെയാണ് തട്ടിപ്പ് നടന്നത്. സംഭവത്തില്‍ 32കാരനായ ധര്‍മേന്ദ്രകുമാര്‍ സിങ്ങിനെ ഗുജറാത്തിലെ സൂറത്തില്‍ നിന്നാണ് പിടികൂടിയത്. സത്യദേവന്റെ പിതൃസഹോദരന്റെ മകനായ വരുണ്‍ വാസുദേവ് അമേരിക്കയില്‍ മരണപ്പെട്ടിരുന്നു. ഇയാളുടെ പേരില്‍ ന്യൂയോര്‍ക്ക് കമ്യൂണിറ്റി ബാങ്കില്‍ 75 ലക്ഷം രൂപയുടെ നിക്ഷേപമുണ്ടെന്നും അവകാശിയായി സത്യദേവന്റെ പേരാണ് നല്‍കിയിട്ടുളളതെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
നിരവധി തവണ സത്യദേവനെ ഓണ്‍ലൈനായി ബന്ധപ്പെട്ട പ്രതികള്‍ സര്‍വീസ് ചാര്‍ജ് അടയ്ക്കണമെന്ന് തെറ്റിദ്ധരിപ്പിച്ച് പല തവണയായി പണം തട്ടിയെടുത്തു. ഇതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ വ്യാജമുദ്ര പതിപ്പിച്ച കത്തുകളും സത്യദേവന് അയച്ചുകൊടുത്തിരുന്നു. കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞതോടെ 2022 മാര്‍ച്ചില്‍ മാവേലിക്കര പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. മേയില്‍ അന്വേഷകസംഘം പ്രതികള്‍ തട്ടിപ്പിനുപയോഗിച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പിന്തുടര്‍ന്ന് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും അന്വേഷണം നടത്തി. വ്യാജ മേല്‍വിലാസവും തിരിച്ചറിയല്‍ രേഖകളും ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തുന്ന സംഘമാണിതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതികളില്‍ ഒരാള്‍ പിടിയിലായത്.