ദില്ലി: കുനോ നാഷണല്‍ പാര്‍ക്കിലെ എട്ട് ചീറ്റപ്പുലികള്‍ ചത്തതിനെ തുടര്‍ന്ന് ചുമതലയുള്ള ഉദ്യോഗസ്ഥനെ നീക്കം ചെയ്തു. ഉന്നത വന്യജീവി ഉദ്യോഗസ്ഥനായ ജസ്ബീര്‍ സിംഗ് ചൗഹാനെയാണ് തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്. 1952-ല്‍ ഇന്ത്യയില്‍ ഏഷ്യന്‍ ചീറ്റകള്‍ വംശനാശം സംഭവിച്ചതായി പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക പദ്ധതിയുടെ ഭാഗമായി ആഫ്രിക്കയില്‍ നിന്ന് ചീറ്റകളെ ഇന്ത്യയിലെത്തിക്കുകയായിരുന്നു.
നമീബിയയില്‍ നിന്ന് എട്ട് ചീറ്റകളെയും ഫെബ്രുവരിയില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മറ്റൊരു 12 ചീറ്റകളെയും കൊണ്ടുവന്നു. മധ്യപ്രദേശ് സംസ്ഥാനത്തെ കുനോ നാഷണല്‍ പാര്‍ക്കില്‍ ആദ്യമായി എത്തിച്ച ചീറ്റകളെ തുറന്നു വിടുന്നതിന് പ്രധാനമന്ത്രി മോദി അധ്യക്ഷനായി. എന്നാല്‍ കൊണ്ട് വന്ന ചീറ്റകളില്‍ കഴിഞ്ഞ നാല് മാസത്തിനിടെ എട്ട് എണ്ണവും ചത്തു. അതേസമയം സ്വാഭാവിക കാരണങ്ങളാലാണ് ചത്തത് എന്നാണ് വന്യജീവി അധികൃതരുടെ റിപ്പോര്‍ട്ട്.