ദില്ലി: മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തില്‍ മറ്റൊരു ചീറ്റ കൂടി ചത്തു. ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന് കുനോ നാഷണല്‍ പാര്‍ക്കില്‍ പാര്‍പ്പിച്ച ധീര എന്ന പെണ്‍ ചീറ്റയാണ് പാര്‍ക്കിനുള്ളില്‍ മറ്റൊരു ചീറ്റയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ദക്ഷിണാഫ്രിക്കയില്‍ നിന്നും നമീബിയയില്‍ നിന്നുമായി ഇവയെ ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ശേഷം കുനോയില്‍ മരിക്കുന്ന മൂന്നാമത്തെ ചീറ്റയാണിത്. കഴിഞ്ഞ വര്‍ഷം മുതല്‍ രണ്ട് ഘട്ടങ്ങളിലായാണ് ഇരുപത് ചീറ്റകളെ ദേശീയ ഉദ്യാനത്തിലേക്ക് കൊണ്ടുവന്നത്, അതില്‍ രണ്ടെണ്ണം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ചത്തിരുന്നു.
വൃക്കരോഗം ബാധിച്ചിരുന്ന സാഷ മാര്‍ച്ചില്‍ ചത്തു. ജനുവരി 23ന്, സാഷ ക്ഷീണത്തിന്റെയും ബലഹീനതയുടെയും ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അതിനെ വിദഗ്ധ ചികിത്സയ്ക്കായി ഒരു ക്വാറന്റൈന്‍ എന്‍ക്ലോസറിലേക്ക് മാറ്റുകയായിരുന്നു. ഏപ്രിലില്‍, രണ്ടാമത്തെ ചീറ്റയായ ഉദയ് ദേശീയ പാര്‍ക്കില്‍ അസുഖം ബാധിച്ച് ചികിത്സയ്ക്കിടെ മരിച്ചു.