ദില്ലി: മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍, ആഫ്രിക്കയില്‍ നിന്ന് കൊണ്ടുവന്ന 20 ചീറ്റകളില്‍ അഞ്ചെണ്ണം ചത്തത് റേഡിയോ കോളര്‍ പോലുള്ള കാരണങ്ങളാല്‍ എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി കേന്ദ്ര പരിസ്ഥിതി മന്ത്രാലയം. സ്വാഭാവിക കാരണങ്ങളാലാണ് ചീറ്റകള്‍ ചത്തതെന്നാണ് പ്രാഥമിക വിശകലനം. ശാസ്ത്രീയ തെളിവുകളില്ലാതെ ഊഹാപോഹങ്ങളും കേട്ടുകേള്‍വികളും അടിസ്ഥാനമാക്കിയുള്ളതാണ് മറ്റ് റിപ്പോര്‍ട്ടുകളെന്നും മന്ത്രാലയം വ്യക്തമാക്കി. ചീറ്റകളുടെ മരണകാരണം അന്വേഷിക്കുന്നതിനായി അന്താരാഷ്ട്ര ചീറ്റ വിദഗ്ധരുമായും ദക്ഷിണാഫ്രിക്കയില്‍ നിന്നും നമീബിയയില്‍ നിന്നുമുള്ള വെറ്ററിനറി ഡോക്ടര്‍മാരുമായും നിരന്തരം കൂടിയാലോചനകള്‍ നടത്തുന്നുണ്ടെന്നും മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
രക്ഷാപ്രവര്‍ത്തനം, പുനഃരധിവാസം, ശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കുള്ള സൗകര്യങ്ങളുള്ള ചീറ്റ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതുള്‍പ്പെടെ ചീറ്റ പദ്ധതിയെ പിന്തുണയ്ക്കുന്നതിനായി നിരവധി നടപടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. കേന്ദ്രത്തിന്റെ ചീറ്റ പ്രോജക്ട് സ്റ്റിയറിങ് കമ്മിറ്റി പദ്ധതിയുടെ പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും പദ്ധതി നടപ്പിലാക്കുന്നതില്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു.