കോന്നി : സംസ്ഥാനത്ത് തന്നെ ആദ്യമായാണ് പഴകാലത്തെ ചേളാവിന്റെ നിർമ്മാണം വീണ്ടും സജീവമായിരിക്കുന്നത്. പരിസ്ഥിതി പ്രവർത്തകരുടെ കൂട്ടായ്മയായ തണ്ണിത്തോട് സപ്തസാര സാംസ്കാരിക സമിതിയാണ് പതിറ്റാണ്ടുകൾക്ക് മുൻപ് കാലഹരണപ്പെട്ടുപോയ ചേളാവിനെ പുനരാവിഷ്കരിച്ചത്.
പ്ലാസ്റ്റിക്കിന്റെ അതിപ്രസരം വർധിച്ചു വരുന്ന സാഹചര്യത്തിൽ ചേളാവിന്റെ ഉപയോഗത്തിന് ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കാലം മാറിയതോടെ ക്യാരി ബാഗുകളുടെ രൂപത്തിൽ പുനരവതരിച്ച ചേളാവ് അനായാസം പോക്കറ്റിലോ ബാഗിലോ സൂക്ഷിച്ച് വെക്കാം. ഉയോഗത്തിന് ശേഷം കഴുകി വൃത്തിയാക്കിയ ചേളാവ് വീണ്ടും ഉപയോഗിക്കുകയും ചെയ്യാം. അറുപത് രൂപയാണ് ഒരു ചേളാവിന്റെ നിർമ്മാണ ചെലവ്. എന്നാൽ വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ചാൽ ഇരുപത്തിയാറ് മുതൽ മുപ്പത് രൂപ ചെലവിൽ ചേളാവ് നിർമ്മിക്കുവാൻ സാധിക്കമെന്ന് സംഘാടകർ പറയുന്നു. തണ്ണിത്തോട് ഗ്രാമപഞ്ചായത്തിൽ പ്രവർത്തിച്ച് വരുന്ന ഹരിത കർമ്മ സേനയുമായി സഹകരിച്ച് കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്ത്വത്തിൽ ആരംഭിച്ച തുണിസഞ്ചി നിർമ്മാണ യൂണിറ്റും പ്ലാസ്റ്റിക് നിരോധിത സന്ദേശം സമൂഹത്തിൽ വിവിധ തുറകളിൽ എത്തിക്കുന്നു.
കോന്നി തണ്ണിത്തോട് റോഡിന്റെ പ്രധാന പാതയോരത്താണ് തുണിസഞ്ചി നിർമ്മാണ യൂണിറ്റായ ചെറി ഹാൻഡ് മെയ്ഡ് യൂണിറ്റ് പ്രവർത്തിച്ച് വരുന്നത്. ഇന്ന് ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ കച്ചവടസ്ഥാപനങ്ങൾ സ്കൂളുകൾ എന്നിവടങ്ങളിലേക്ക് ഹോൾസൈൽ നിരക്കിൽ ഇവിടെ നിന്ന് തുണിസഞ്ചികൾ നൽകി വരുന്നുണ്ട്. മൂന്ന് മാസങ്ങൾക്ക് മുൻപാണ് സ്ഥാപനം ആരംഭിച്ചത്. കുടുംബശ്രീ സംരഭക പരിശീലനത്തിൽ പങ്കെടുത്ത പത്ത് പേരിൽ രണ്ട് പേരാണ് ഈ ഉദ്യമത്തിന് തുടക്കമിട്ടത്. കുടുംബശ്രീ വഴി വായ്പ ക്രമീകരിച്ച് തുടങ്ങിയ സ്ഥാപനം ഞായറാഴ്ച്ച ഒഴികെ എല്ലാ ദിവസവും രാവിലെ ഒൻപത് മുതൽ വൈകിട്ട് അഞ്ച് വരെ പ്രവർത്തിച്ച് വരുന്നു. തുണിക്ക് പുറമേ ബോംബേ കോറയും നിർമ്മാണത്തിന് ഉപയോഗിച്ച് വരുന്നു. രണ്ട് കിലോ മുതൽ ഇരുപത് കിലോ തൂക്കം ഉൾകൊള്ളുന്ന സഞ്ചികൾ പല നിറങ്ങളിൽ ഇവിടെ നിന്ന് ലഭിക്കും. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഇല്ലാതാക്കാൻ ഉത്തമ മാതൃകകളാണ് ഈ രണ്ട് സംരഭങ്ങളും.