റാന്നി: ചെമ്പനോലിയിലെ ക്വാറികളുടെ പ്രവർത്തനത്തിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതി നൽകുന്നതിന്റെ ഭാഗമായി പൊതുജനാഭിപ്രായം തേടുന്നതിനുള്ള യോഗം മാർച്ച് മൂന്നിന് 10.30- ന് വെച്ചൂച്ചിറ മണിമലേത്ത് എ.ടി.എം ഓഡിറ്റോറിയത്തിൽ നടക്കും.
സമീപവാസികൾക്ക് ഇവിടെയെത്തി പരിസ്ഥിതി കാര്യങ്ങളുമായി ബന്ധപ്പെട്ട് ആശങ്കകളുണ്ടെങ്കിൽ നേരിട്ടോ, രേഖാമൂലമോ അറിയിക്കാം. ഓൺലൈനായി ഹിയറിങ്ങിൽ പങ്കെടുക്കുന്നതിനും അവസരമുണ്ട്. സമീപവാസികളുടെ എതിർപ്പിനെത്തുടർന്ന് അഞ്ചുവർഷത്തോളം ചെമ്പനോലിയിലെ ക്വാറികൾ അടഞ്ഞുകിടന്നിരുന്നു. 2012 ഫെബ്രുവരിയിലാണ് ചെമ്പനോലിയിലെ രണ്ട് ക്വാറികൾക്കെതിരേ പ്രദേശവാസികള്‍ സമരം തുടങ്ങിയത്. രണ്ടുമാസങ്ങൾക്കുള്ളിൽ ക്വാറികൾ ജനങ്ങള്‍ സമരത്തിലൂടെ പൂട്ടിച്ചു.
പിന്നീട് സമരങ്ങളുടെ നാളുകളായിരുന്നു. ഒട്ടേറെ തവണ സംഘർഷഭരിതമായ അന്തരീക്ഷമുണ്ടായിട്ടുണ്ട്. സമരത്തിന് പിന്തുണയുമായി അന്ന് പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദൻ, ഡോ. ക്രി സോസ്റ്റം മാർത്തോമ്മാ മെത്രാപ്പൊലീത്ത, കുമ്മനം രാജശേഖക്കന്‍ തുടങ്ങിയ നേതാക്കള്‍ ഇവിടെ എത്തിയിരുന്നു. അഞ്ചുവർഷത്തോളം സമരം തുടർന്നു. 2016-17 വർഷത്തിൽ നാറാണംമൂഴി പഞ്ചായത്ത് ഭരണസമിതി ലൈസൻസ് പുതുക്കി നൽകിയതോടാണ് പ്രവർത്തനം തുടങ്ങാൻ വഴിയൊരുക്കിയത്. ഇതോടെ ക്വാറികൾ വീണ്ടും സജീവമായി. കാലാവധി അവസാനിച്ചതിനെത്തുടർന്ന് മലിനീകരണ നിയന്ത്രണ ബോർഡിന്റെ അനുമതിക്ക് ഉടമ അപേക്ഷ നൽകി. ഇതിന്റെ നടപടിക്രമങ്ങളുടെ ഭാഗമായാണ് പബ്ലിക് ഹിയറിങ് നടത്തുന്നത്.