ചെങ്ങന്നൂർ: ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് നിയന്ത്രണം തെറ്റി തൊഴിൽ മേളക്കെത്തിയ രണ്ട് ഉദ്യോഗാർത്ഥികൾ മരണമടഞ്ഞു. മുളക്കുഴ കാരയ്ക്കാട് ഇടത്തിലേത്ത് ജനി ഭവനിൽ എം കെ ജയൻ -സ്മിത ദമ്പതികളുടെ മകൻ അമ്പാടി ജയൻ (20), ഹരിപ്പാട് ഏവൂർ ശ്രീരാഗത്തിൽ ഭാസിയുടെ മകൻ അഭിരാജ് (19) എന്നിവരാണ് മരിച്ചത്.
എം സി റോഡിൽ അരമനപ്പടിക്കു സമീപം ഇന്ന് ഉച്ചയ്ക്ക് 1.15 ഓടെയാണ് സംഭവം നടന്നത്. അമ്പാടിയും അഭിരാജും സഞ്ചരിച്ചിരുന്ന ബൈക്ക് ചെങ്ങന്നൂർ ഭാഗത്തേക്ക് വരികയായിരുന്നു. എതിർദിശയിൽ മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബൈക്കിന്റെ ഹാന്റിൽ തട്ടി നിയന്ത്രണംതെറ്റി ഒരേ ദിശയിൽ സഞ്ചരിച്ച കെ.എസ് ആർ ടി ബസിന്റെ വശത്ത് തട്ടിയ ശേഷം എതിരെ വന്ന കാറിനടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ തന്നെ നാട്ടുകാര്‍ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. ചെങ്ങന്നൂർ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു. ഇരുവരുടെയും സംസ്കാരം പിന്നീട്.
അമ്പാടിയും അഭിരാജും ഇന്ന് രാവിലെ ഗവ.ഐ ടി. ഐ യിലെ സ്പെക്ട്രം 2020 തൊഴിൽ മേളക്കെത്തിയ ശേഷം അമ്പാടി ഏവൂർ സ്വദേശിയായ അഭിരാജിനെ ചെങ്ങന്നൂർ കെ.എസ് ആർ ടി സി യിൽ കൊണ്ടുവിടാൻ പോകുമ്പോഴായിരുന്നു അപകടത്തിൽ പെട്ടത്. കഴിഞ്ഞ അദ്ധ്യയനവർഷം ഗവ.ഐ.ടി ഐ യിൽ ഇലക്ട്രിക്കൽ സെക്ഷനിൽ പഠനം പൂർത്തീകരിച്ചതാണ് ഇരുവരും.