കോന്നി: തേക്കുതോട് പൂച്ചക്കുളത്ത് വനമേഖലയോട് ചേർന്ന കൃഷി സ്ഥലത്തെ മൂടിയില്ലാത്ത കിണറ്റിൽ വീണ കാട്ടാനക്കുട്ടിയെ ആനകൂട്ടം കുഴി ഇടിച്ച് നിരത്തി കരയ്ക്കെത്തിച്ചു. സംഭവ സ്ഥലത്ത് എത്തിയ വൃദ്ധനെ കാട്ടാന ആക്രമിച്ചു. ഗുരുതരമായി പരുക്കേറ്റ കോട്ടയ്ക്കൽ വീട്ടിൽ കുഞ്ഞുകുഞ്ഞി(80)നെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ആനയുടെ ആക്രമണം നടന്നത്.
ഇന്നലെ രാത്രി പത്ത് മണിയോടെ പൂച്ചക്കുളത്തെ വനത്തിനോട് ചേർന്ന കൃഷിയിടത്തിൽ ആനകൂട്ടത്തിന്റെ ചിന്നംവിളി കേട്ടതായി പ്രദേശവാസികൾ പറയുന്നു. തുടർന്ന് ഇന്ന് പുലർച്ചെ സംഭവം നടന്ന സ്ഥലത്തെ റബ്ബർ തോട്ടത്തിലേക്ക് പോയ ടാപ്പിംഗ് തൊഴിലാളികളെ ആനക്കൂട്ടം ഓടിച്ചു. തുടർന്ന് നേരം പുലർന്നതിന് ശേഷം സ്ഥലത്തെത്തിയ പ്രദേശവാസികൾ കണ്ടത് കിണർ ഇടിച്ച് നികത്തിയ ശേഷം കിണറ്റിൽ വീണ കുട്ടിയാനയുമായി ആനകൂട്ടം വനത്തിലേക്ക് കയറുന്നതാണ്. കഴിഞ്ഞ ദിവസം രാത്രിയിലായിരിക്കാം ആനകുട്ടി കിണറ്റിൽ വീണതെന്ന് കരുതുന്നു. വലിൻകര പൊടിയമ്മയുടെ കൃഷിയിടത്തിലെ പതിനാറരയടി താഴ്ച്ചയുള്ള കിണറ്റിലാണ് ആനക്കുട്ടി വീണത്.
രാവിലെ പ്രദേശത്തെ കൃഷിയിടത്തിൽ ജോലി ചെയ്യുന്ന മകന് ആഹാരവുമായി എത്തിയ കോട്ടയ്ക്കൽ വീട്ടിൽ കുഞ്ഞുകുഞ്ഞി(80)നെ കാട്ടാന തുമ്പിക്കൈകൊണ്ട് തട്ടി ഇടുകയായിരുന്നു. ആനയുടെ ആക്രമണത്തിൽ തെറിച്ച് വീണ് കാലിനും തലയ്ക്കും സാരമായിപരുക്കുപറ്റിയ കുഞ്ഞുകുഞ്ഞിനെ പത്തനംതിട്ട ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആനക്കുട്ടി കിണറ്റില്‍ വീണ സ്ഥലത്തുണ്ടായിരുന്ന വാഴ, കുരുമുളക് കൊടി, റബ്ബർ, തെങ്ങ്, കൊന്നമരങ്ങൾ തുടങ്ങി എല്ലാം ആനക്കൂട്ടം പൂർണ്ണമായി നശിപ്പിച്ചു. സംഭവത്തെ തുടർന്ന് വനപാലകരും പോലീസും സ്ഥലത്തെത്തി. വടശേരിക്കര ഫോറസ്റ്റ് റേഞ്ച് ഓഫീസർ എസ് മണി, തണ്ണിത്തോട് ഫോറസ്റ്റ് ഡെപ്യൂട്ടി വി ഗിരി, ഗുരുനാഥൻമണ്ണ് ഫോറസ്റ്റ് ഡെപ്യൂട്ടി അനിൽകുമാർ, തണ്ണിത്തോട് പോലീസ് ഉദ്യോഗസ്ഥർ എന്നിവര്‍ സ്ഥലം സന്ദർശിച്ചു.
തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നടത്തിയ ചർച്ചയിൽ പ്രദേശത്ത് കാട്ടാന സ്ഥിരമായി ഇറങ്ങി നാശം വിതയ്ക്കുന്നതിനാൽ വനമേഖലയോട് ചേർന്ന സ്ഥലങ്ങളിൽ സൗരോർജ്ജ വേലികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കുമെന്നും വനംവകുപ്പ് അധികൃതർ പ്രദേശവാസികള്‍ക്ക് ഉറപ്പ് നൽകി. വർഷങ്ങളായി കാട്ടാന ശല്ല്യമുള്ള ഈ പ്രദേശത്തെ പതിനഞ്ച് വീട്ടുകാരോളം വീട് ഉപേക്ഷിച്ച് പാലായനം ചെയ്തതായും പ്രദേശവാസികൾ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ച്ചയായി പ്രദേശത്ത് കാട്ടാനശല്ല്യം വർധിച്ചിരിക്കുകയാണെന്നും നാട്ടുകാർ പറഞ്ഞു.