തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഓൺലൈൻ തട്ടിപ്പ്. അമേരിക്കയിൽ ജോലി വാഗ്ദാനം ചെയ്ത് 13 ലക്ഷം രൂപ തട്ടിച്ച നൈജീരിയൻ സ്വദേശി കൊലവോലെ ബോബിയെ സൈബർ ക്രൈം പോലീസാണ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശികളായ ദമ്പതികളാണ് തട്ടിപ്പിനിരയായത്. മുംബൈയിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ ദോത്തൻ എന്ന സ്ഥലത്തുള്ള ഫ്ളവേഴ്സ് ഹോസ്പിറ്റലിൽ ഫാർമസിസ്റ്റായി ജോലി നൽകാമെന്നും കുടുംബസമേതം യുഎസിൽ പോകാനുള്ള വിസ നൽകാമെന്നും പറഞ്ഞായിരുന്നു തട്ടിപ്പ്.
പലപ്പോഴായി ദമ്പതികളിൽ നിന്ന് 13 ലക്ഷം രൂപ തട്ടിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പല ബാങ്കുകളുടെ അക്കൗണ്ടുകളിലേക്കാണ് പണം അയച്ചത്. കൂടുതൽ തുക ആവശ്യപ്പെട്ടതോടെയാണ് സംശയം തോന്നിയ ദമ്പതികൾ പോലീസിനെ സമീപിച്ചത്.
അമേരിക്കയിലെ ഫ്ളവേഴ്സ് ആശുപത്രിയുടെ വ്യാജ വെബ്സൈറ്റും ലെറ്റർപാഡും പ്രതി തയ്യാറാക്കിയിരുന്നു. വിദ്യാർഥി വിസയിലാണ് പ്രതി ഇന്ത്യയിലെത്തിയത്. നൂറു കണക്കിന് ആഫ്രിക്കക്കാർ താമസിക്കുന്ന ഫ്ളാറ്റിൽ നിന്നാണ് പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. വിദ്യാർഥി വിസയിൽ വന്ന് രാജ്യത്തിന്റെ പലഭാഗങ്ങളിൽ താമസിച്ച് തട്ടിപ്പ് നടത്തുന്ന വലിയ സംഘം ഇയാൾക്കുപിന്നിലുണ്ടെന്ന വിലയിരുത്തലിലാണ് പോലീസ്. കേസിൽ കൂടുതൽ പേർ ഉടൻ അറസ്റ്റിലായേക്കും.