ചെങ്ങന്നൂര്‍ : പ്രവർത്തിച്ചിരുന്ന ഏല്ലാ മേഖലകളിലും സജീവമായ ആശയങ്ങളും നിലപാടുകളുമുള്ള ആളായിരുന്ന കെ കെ രാമചന്ദ്രൻ നായരെന്നും വിരുദ്ധ ശക്തികളെ ശക്തമായി നേരിട്ടാണ് ചെങ്ങന്നൂരിൽ പ്രസ്ഥാനത്തെ വളർത്തിയതെന്നും മന്ത്രി ജി സുധാകരൻ പറഞ്ഞു. സിപിഐ (എം) ചെങ്ങന്നൂർ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കെ കെ രാമചന്ദ്രൻ നായരുടെ രണ്ടാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെങ്ങന്നൂർ എംഎൽഎ യും സി പിഐ (എം) ചെങ്ങന്നൂർ താലൂക്ക് സെക്രട്ടറിയുമായിരുന്ന കെ കെ രാമചന്ദ്രൻ നായര്‍ മികച്ച നിയമസഭാ സാമാജികനുമായിരുന്നു. വികസന മുരടിപ്പു നേരിട്ടിരുന്ന ചെങ്ങന്നൂരിൽ പുതിയ നിർമ്മാണങ്ങൾക്കും പ്രസ്ഥാനങ്ങൾക്കും തുടക്കമിട്ടതും അദ്ദേഹമാണ്. ഭൂപരിഷ്ക്കരണ നിയമങ്ങൾ അടക്കമുള്ള പുരോഗമന ആശയങ്ങൾ കേരളത്തിൽ നിലവിൽ വന്നത് ആരുടെയും ഔദാര്യം കൊണ്ടല്ല, മറിച്ച് ശക്തമായ സമരങ്ങൾ ഉണ്ടായതു കൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ ചേർന്ന യോഗത്തിൽ സജി ചെറിയാൻ എംഎൽഎ അധ്യക്ഷത വഹിച്ചു.
എം ശശികുമാർ, എം കെ മനോജ്, വി കെ വാസുദേവൻ, ജയിംസ് ശമുവേൽ, ആർ രാജഗോപാൽ, പി ആർ രമേശ് കുമാർ എന്നിവർ സംസാരിച്ചു. സി പി ഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം എച്ച് റഷീദ് സ്വാഗതവും വി വി അജയൻ നന്ദിയും പറഞ്ഞു.