ചെങ്ങന്നൂർ : സംയുക്ത സമര സമിതിയുടെ നേത്രുത്വത്തില്‍ ചെങ്ങന്നൂര്‍ നഗരസഭയിലെ ജീവനക്കാർ
നടത്തിവരുന്ന പണിമുടക്കും ധർണയും രണ്ട് ദിവസം പിന്നിട്ടു.
അനധികൃത നിർമ്മാണം മുനിസിപ്പൽ നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായി പൊളിച്ചുനീക്കാൻ നേതൃത്വം കൊടുത്ത നഗരസഭാ സെക്രട്ടറി സ്റ്റാലിൻ നാരായണനെയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മോഹന കുമാറിനേയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് സമരം. നഗരസഭാ കൗൺസിലർ രാജൻ കണ്ണാട്ടിന്റേയും മകന്റേയും മറ്റ് കൂട്ടാളികളുടേയും നേതൃത്വത്തിലായിരുന്നു കയ്യേറ്റം. ജീവനക്കാര്‍ ഒന്നടങ്കം സമരത്തിലായത്തോടെ നഗരസഭയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായി സ്തംഭിച്ചു. നഗരസഭയിലെ ശുചീകരണ തൊഴിലാളികളും പണിമുടക്കിലാണ്.
കൊവിഡ് മൂലം നഗരസഭ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. നഗരസഭയ്ക്ക് ലഭിക്കേണ്ട വരുമാനങ്ങൾ പലതും മുടങ്ങി.ജീവനക്കാർക്ക് ശമ്പളം, വിരമിച്ചവർക്കുളള പെൻഷന്‍, മറ്റാനുകൂല്യങ്ങൾ ഇവ യഥാസമയം നൽകാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുളളത്. ജീവനക്കാരുടെ സമരത്തിന് പിന്തുണ അറിയിച്ച് സിപിഎം ടൗൺ കമ്മിറ്റി ധർണയിൽ പങ്കെടുത്തു. പ്രതിപക്ഷ കക്ഷിയായ ബിജെപിയുടെ കൗൺസിലർമാർ നഗരസഭാ കവാടത്തിൽ ധർണ നടത്തി.