ചെങ്ങന്നൂർ : പഞ്ചപാണ്ടവ ക്ഷേത്രങ്ങളിൽ ഒന്നായ തിരുവൻവണ്ടുർ മഹാവിഷ്ണു ക്ഷേത്രത്തിലെ 10 നാൾ നീണ്ടു നിന്ന ഉത്സവത്തിന് സമാപനമായി. ആറാട്ട് ദിവസമായ ഇന്നലെ 5 മണിയോടെ ആറാട്ടിനായി ദേവനെ എഴുന്നെള്ളിച്ചു.
ഗജകേസരി ഏവൂർ കണ്ണൻ മഹാവിഷ്ണുവിന്റെ തിടമ്പ് ഏറ്റി. ഹരിപ്പാട് സ്കന്ദൻ, തിരുവല്ല ജയരാജ് എന്നീ ഗജവീരന്മാർ അകമ്പടി സേവിച്ചു. വൈകിട്ട് 6 മണിയോടെ ക്ഷേത്രത്തിൽ നിന്നും ആറാട്ട് ഘോഷയാത്ര പുറപ്പെട്ടു. പഞ്ചവാദ്യം, ചെണ്ടമേളം, പമ്പ മേളം, കരകം,വേലകളി, മൈലാട്ടം, പൂത്താലം, നാദസ്വരം, തകിൽ എന്നിവയുടെ അകമ്പടിയോടെയാണ് ആറാട്ട് ഘോഷയാത്ര നടന്നത്. ആറാട്ട് കടന്നു പോകുന്ന വഴി വിവിധ ഹൈന്ദവ സമുദായസംഘടനകളും ഇരമല്ലിക്കര ശ്രീധർമ്മശാസ്താ ക്ഷേത്ര ഉപദേശക സമിതിയും സ്വീകരണം നൽകി. ഇരമല്ലിക്കര മണിമല ആറ്റിലെ മദനശ്ശേരിക്കടവിൽ ദേവന്റെ ആറാട്ട് നടന്നു. പുലർച്ചെ ഒരു മണിയോടെ ആറാട്ട് വരവും, ആറാട്ടു വിളിക്കും, തുടർന്ന് തൃക്കൊടിയിറക്കും വലിയകാണിക്കയും നടന്നു. ആറാട്ട് ദിവസമായ ഇന്നലെ ക്ഷേത്രത്തിൽ ആറാട്ട് ബലി , ആറാട്ട് സദ്യ, നാദസ്വര കച്ചേരി, ആറാട്ട് വിളക്ക്, ക്ലാപ്സ് ആലപ്പുഴയുടെ ഗാനമേള എന്നിവയും നടന്നു.