ചെങ്ങന്നൂര്‍ : നൂറ്റാണ്ടുകളായി നടന്നുവരുന്ന ചെങ്ങന്നൂര്‍ ചതയം ജലോത്സവം കൊവിഡ് പശ്ചാത്തലത്തിൽ ഈ വര്‍ഷവും ആചാരപരമായ രീതിയില്‍ നടക്കും. ജില്ലാ കളക്ടറുടെ ഉത്തരവ് അനുസരിച്ച് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ചടങ്ങുകൾ. ചതയം നാളായ ആഗസ്റ്റ് 23 ന് ഉച്ചക്ക് രണ്ട് മണിക്ക് മുണ്ടങ്കാവു ഇറപ്പുഴ നെട്ടയത്തിലാണ് പ്രതീകാത്ജമകമായി ജലമേള നടക്കുക.
20ന് നീരണിയുന്ന മുണ്ടാങ്കാവു പള്ളിയോടത്തെ മാത്രം പങ്കെടുപ്പിച്ച് ചടങ്ങ് മാത്രമായ് ജലോത്സവം നടക്കുമ്പോള്‍ സ്ഥിരമായി ചതയം ജലോത്സവത്തില്‍ പങ്കെടുക്കുന്ന പള്ളിയോടക്കരകളില്‍ നിന്നും ഓരോ പ്രതിനിധികളെ പങ്കെടുപ്പിക്കുവാനും ജലോത്സവ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പള്ളിയോടത്തില്‍ കയറുവാന്‍ താല്‍പര്യം ഉള്ളവര്‍ 18ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചെങ്ങന്നൂര്‍ ചതയം ജലോത്സവ സാംസ്‌കാരിക സമിതിക്ക് ജനറല്‍ സെക്രട്ടറി കെ.ആര്‍ പ്രഭാകരന്‍ നായര്‍ ബോധിനി അറിയിച്ചു.