ചെങ്ങന്നൂർ : സ്ഥലംമാറ്റിയ നഗരസഭാ സെക്രട്ടറി എസ്.നാരായണനെ ഇനിയും നഗരസഭാ സെക്രട്ടറി പോലെയുളള ഔദ്യോഗിക സ്ഥാനത്ത് നിയമിക്കരുതെന്ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. നഗരസഭ സെക്രട്ടറി എസ്.നാരായണനെ സ്ഥലം മാറ്റണമെന്നാവശ്യപ്പെട്ട് യു .ഡി.എഫ് കൗൺസിലർമാർ എട്ടു ദിവസം നടത്തിയ റിലേ സത്യാഗ്രഹ സമരം വിജയിച്ചതിനെ തുടർന്ന് യു.ഡി.എഫ് നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ആഹ്ളാദ പ്രകടനത്തിന്റേയും സമരത്തിന്റെ സമാപന സമ്മേളനത്തിന്റേയും ഉദ്ഘാടനം നിർവ്വഹിക്കുക യായിരുന്നു അദ്ദേഹം.
നഗരസഭാ സെക്രട്ടറി പോലെയുള്ള സ്ഥാനത്ത് ഇരിക്കാൻ നാരായണന് യോഗ്യതയില്ല. യു ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അട്ടിമറിക്കാനുള്ള ഇടതുമുന്നണിയുടെ സംസ്ഥാന തലത്തിൽ നടത്തുന്ന ആസൂത്രിത നീക്കത്തിന്റെ ഭാഗമായാണ് നാരായണനെ ചെങ്ങന്നൂർ നഗരസഭാ സെക്രട്ടറിയാക്കിയത്. യു ഡി.എഫ് ഭരിക്കുന്ന മാവേലിക്കര നഗരസഭയിലേയ്ക്ക് സെക്രട്ടറിയെ മാറ്റിയതിന്റെ പിന്നിലും ഇതേ ഗൂഢലക്ഷ്യമുണ്ട്. നാരായണൻ സമാന രീതിയിൽ മാവേലിക്കരയിൽ പ്രവർത്തിച്ചാൽ യു.ഡി.എഫ് സർവ്വ ശക്തിയും പ്രയോഗിച്ച് തുടക്കം മുതൽ എതിർക്കും. യു.ഡി.എഫിന്റെ നേതൃത്വത്തിൽ ഒറ്റക്കെട്ടായി നടത്തിയ ശക്തമായ സമരത്തിന്റേയും നിയമ പോരാട്ടത്തിന്റെയും ഫലമാണ് സമരം വിജയം കണ്ടതെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. സെക്രട്ടറി മാറ്റിയതില്‍ ആഹ്ളാദം പ്രകടിപ്പിച്ച് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരസഭ കൗണ്‍സിലര്‍മാരും യു.ഡി.എഫ് പ്രവര്‍ത്തകരും നഗരത്തില്‍ പ്രകടനം നടത്തി.
യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ജൂണി കുതിരവട്ടം അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.വി ജോണ്‍, അഡ്വ.ഹരി പാണ്ടനാട്, യു.ഡി.എഫ് നിയോജകമണ്ഡലം കണ്‍വീനര്‍ അഡ്വ.ഡി.നാഗേഷ് കുമാര്‍, ബ്ളോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് അഡ്വ.ജോര്‍ജ് തോമസ്, മുസ്ളീം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ഇ.വൈ മുഹമ്മദ് ഹനീഫ മൗലവി, മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ മറിയാമ്മ ജോണ്‍ ഫിലിപ്പ്, വൈസ് ചെയര്‍മാന്‍ ഗോപു പുത്തന്‍മഠത്തില്‍, യു.ഡി.എഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ കെ.ഷിബു രാജന്‍, ഡോ.ഷിബു ഉമ്മന്‍, ജോണ്‍സ് മാത്യു, രാജന്‍ കണ്ണാട്ട്, സുജ ജോണ്‍, ശോഭ വര്‍ഗീസ്, ജോണ്‍ മുളങ്കാടന്‍, റജി ജോണ്‍, കെ.ദേവദാസ്, ജോജി ചെറിയാന്‍, വരുണ്‍ മട്ടക്കല്‍, സാബു ഇലവുംമൂട്ടില്‍, അഡ്വ.മിഥുന്‍.കെ.മയൂരം, പ്രവീണ്‍ എന്‍ പ്രഭ, ബിജു ഗ്രാമം, തോമസ് എബ്രഹാം, സോമന്‍ പ്ലാപ്പളളി, ആര്‍.ബിജു, ശശി.എസ് പിളള, പി.വി ഗോപിനാഥന്‍, സജി കുമാര്‍, സജീവ് വെട്ടിക്കാട്ട്, റിജോ ജോണ്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.