ചെങ്ങന്നൂർ: നഗരസഭ 17-ാം വാർഡിൽ കെട്ടിട നികുതി പിരിവ് നൂറു ശതമാനം പൂർത്തിയാക്കി. മറ്റു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്തമായി മാർച്ച് മൂന്നാം തീയതിയ്ക്കകം നൂറു ശതമാനം നികുതി പിരിവ് പൂർത്തീകരിക്കുന്ന വാർഡ് ആയി നഗരസഭ 17-ാം വാർഡ് മാറി. നഗരസഭയുടെ ഊർജ്ജിത നികുതി ശേഖരണ പരിപാടിയുടെ ഭാഗമായി നഗരസഭ വിവിധ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കിയിരുന്നു. നഗരസഭയിലെ വിവിധ വാർഡുകളിൽ വാർഡ് തലത്തിലുള്ള നികുതി ശേഖരണ ക്യാമ്പുകൾ, പരമാവധി വീടുകളിൽ ഡിമാൻ്റ് നോട്ടീസുകളുടെ വിതരണം തുടങ്ങി നിരവധിയായ പരിപാടികൾ നികുതി ശേഖരണവുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയിരുന്നു. വാഹനത്തിൽ മൈക്ക് വെച്ചുള്ള അനൗൺസ്മെൻ്റിനായി ശബ്ദം നൽകിയ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ റിജോ ജോൺ ജോർജിൻ്റെ വാർഡിലാണ് നൂറു ശതമാനം നികുതിപിരിവ് പൂർത്തിയാക്കിയത് എന്ന പ്രത്യേകതയുമുണ്ട്.
നഗരസഭയിലെ തന്നെ സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടറായ സി. നിഷയാണ് അനൗൺസ്മെൻ്റിൽ റിജോയോടൊപ്പം ശബ്ദം നൽകിയത്. നൂറു ശതമാനം നികുതി പിരിവ് പൂർത്തീകരിക്കുന്നതിന് നിരന്തരമായി സെക്രട്ടറി റ്റി.വി. പ്രദീപ്കുമാർ റവന്യൂ സൂപ്രണ്ട് എസ്. ഗിരീഷ്കുമാർ റവന്യു ഇൻസ്പെക്ടർ സി.ആർ. ശാന്തി എന്നിവരുടെ നേതൃത്വത്തിൽ എല്ലാ ദിവസവും അവലോകന യോഗങ്ങളും വിളിച്ചു ചേർക്കുക പതിവാണ്. പരമാവധി വാർഡുകളിൽ നികുതി പിരിവ് നൂറു ശതമാനത്തിലെത്തിക്കാനുള്ള ശ്രമത്തിലാണെന്നും 17-ാം വാർഡിൽ നൂറു ശതമാനം നികുതി പിരിവ് പൂർത്തിയാക്കിയതിന് പരിശ്രമിച്ച റവന്യൂ വിഭാഗം ഉദ്യോഗസ്ഥരെയും വാർഡ് കൗൺസിലർ റിജോ ജോൺ ജോർജിനെയും അഭിനന്ദിക്കുന്നുവെന്നും നഗരസഭ ചെയർപേഴ്സൺ അഡ്വ. ശോഭാ വർഗീസ്, വൈസ് ചെയർമാൻ കെ. ഷിബുരാജൻ, സെക്രട്ടറി ടി.വി. പ്രദീപ്കുമാർ എന്നിവർ പറഞ്ഞു. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടറും വാർഡ് കൗൺസിലറേയും സെക്രട്ടറിയേയും റവന്യു വിഭാഗം ജീവനക്കാരേയും ഭരണസമിതിയേയും അഭിനന്ദിച്ചു.