ചെങ്ങന്നൂർ: ചെങ്ങന്നൂര്‍ റെയിൽവേ സ്‌റ്റേഷൻ ലോക നിലവാരത്തിലാക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ്
എം.പി. പറഞ്ഞു. 15 കോടി നാല്പത് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് പ്രാജക്ട് റെയിൽവേ ബോർഡ് ചെയർമാന് സമർപ്പിച്ചതായി റെയിൽവേ ബോർഡ് അംഗം കൂടിയായ എം.പി. പറഞ്ഞു.
3.5 കോടി രൂപാ ശബരിമല തീർത്ഥാടകർക്കുള്ള പിൽഗ്രിം സെന്ററിന്റെ വികസനത്തിനായും 3.4 രൂപാ ഉയർന്ന ക്ലാസിലുള്ള യാത്രക്കാരുടെ വെയിറ്റിംഗ് മുറിയുടെയും അനുബന്ധ സൗകര്യങ്ങളുടെയും വികസനത്തിനായും 80 ലക്ഷം രൂപാ – റെയിൽവേ സ്റ്റേഷൻ കോംപ്ലക്സിനു പുറത്ത് പുതിയ ബുക്കിംഗ് ആഫീസ് നിർമ്മിക്കുന്നതിനും 2.5 കോടി രൂപാ റെയിൽവേ സ്‌റ്റേഷന്റെ സർക്കുലേറ്റിംഗ് ഏരിയയുടെ വികസനത്തിനും ബാക്കിത്തുക റെയിൽവേ സ്‌റ്റേഷന്റെ വിവിധ ഭാഗങ്ങളിലെ അറ്റകുറ്റപണി പൂർത്തീകരിക്കുന്നതിനും അനുബന്ധ ശോച്യാവസ്ഥ പരിഹരിക്കുന്നതിനും, മുൻവശത്തെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനും ചിലവഴിക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി. പറഞ്ഞു.
കായംകുളം, ഹരിപ്പാട്, എറണാകുളം, ചിങ്ങവനം-കുറുപ്പും തറ – ഇരട്ടപ്പാതയുടെ പണി പൂർത്തീകരിക്കേണ്ടതുണ്ട്. ഇതു കാരണമാണ് പുതിയ ട്രയിനുകൾ ഈ റൂട്ടിൽ അനുവദിക്കാത്തത്. ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കാനും ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട് . ഇരട്ടപ്പാതയുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിലെ പരിസരവാസികൾക്കും കൃഷിക്കാർക്കും ഒട്ടേറെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ട്. ഇവർക്കുള്ള യാത്രാ സൗകര്യങ്ങൾ കാർഷിക വസ്തുക്കൾ, വളങ്ങൾ, കീടനാശിനികൾ, യന്ത്രങ്ങൾ, പാളം മുറിച്ചു കടക്കുന്നതിനും മറ്റുമുള്ള പലപ്രയാസങ്ങൾ നേരിടേണ്ടി വരുന്നു. റെയിൽവേ പാതയോട് ചേർന്നുള്ള ഭാഗങ്ങൾ പ്രദേശവാസികൾക്ക് സഞ്ചാരയോഗ്യമാക്കി നൽകണമെന്ന് എം.പി. ആവശ്യപ്പെട്ടു. ഇവർക്കാവശ്യമായ പാത നിർമ്മാണത്തിന് അതാത് പഞ്ചായത്ത് പണം കെട്ടിവെയ്ണമന്നാണ് നിർദ്ദേശം, എന്നാൽ ഈ പണം ഒഴിവാക്കണമെന്ന് എം പി ആവശ്യപ്പെട്ടു.