മല്ലപ്പള്ളി : ചെങ്ങരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് വന്‍ സാമ്പത്തിക പ്രതിസന്ധിയിലെന്നു സൂചന. നിക്ഷേപകര്‍ക്ക് മടക്കിനല്‍കാന്‍ പണമില്ലെന്നു മാത്രമല്ല ചെറിയ തുകപോലും കൊടുക്കുവാന്‍ കഴിയുന്നില്ല. അവധികള്‍ മാറിമാറി പലതു പറഞ്ഞെങ്കിലും ഒന്നും പാലിക്കുവാന്‍ ബാങ്കിന് കഴിയുന്നില്ല. ചെങ്ങരൂര്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് പള്ളിക്കും ചിട്ടി പിടിച്ച വകയില്‍ നാലുലക്ഷത്തോളം രൂപ കിട്ടുവാനുണ്ട്. എല്ലാവരോടും അവധി പറഞ്ഞിരിക്കുന്നത് മാര്‍ച്ച് 31 ആണ്. എന്നാല്‍ ഈ അവധിക്ക് പത്തു ശതമാനം പേര്‍ക്ക് പോലും പണം മടക്കിനല്‍കുവാന്‍ കഴിയില്ലെന്നാണ് വിവരം. നിക്ഷേപകര്‍ സംഘടിക്കുവാനും ആക്ഷന്‍ കൌണ്‍സില്‍ രൂപീകരിക്കുവാനും ശ്രമം ആരംഭിച്ചുകഴിഞ്ഞു. ബി.ജെ.പിയും സമരത്തെക്കുറിച്ച് ആലോചനയിലാണ്. ഇവര്‍ ഒപ്പുശേഖരണവും തുടങ്ങിയിട്ടുണ്ട്.
ബാങ്കിന് സാമ്പത്തിക പ്രതിസന്ധി നിലവിലുണ്ടെന്ന് സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് റജി പോള്‍ വ്യക്തമാക്കി. ബാങ്കിന്റെ സെക്രട്ടറി ആരോഗ്യകാരണങ്ങളാല്‍ ഏറെനാളായി അവധിയിലാണ്. കൊടുത്ത വായ്പ്പകള്‍ യഥാസമയം തിരികെ ലഭിക്കാത്തതാണ് ഇപ്പോള്‍ ഉണ്ടായ പ്രതിസന്ധിക്ക് കാരണമെന്നും ബാങ്കിന് ആസ്തികള്‍ ഉണ്ടെന്നും നിക്ഷേപകരുടെ പണം മടക്കിനല്‍കുമെന്നും റജി പോള്‍ പത്തനംതിട്ട മീഡിയായോട് പറഞ്ഞു. എന്നാല്‍ നിക്ഷേപകരുടെ ആരോപണം മറ്റൊന്നാണ്. ക്രമം വിട്ട് വായ്പ്പകള്‍ നല്കിയതും പല വായ്പകളും കിട്ടാക്കടമായി മാറിയതുമാണ് ഇപ്പോള്‍ ബാങ്കിനെ ഇത്ര ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നുമാണ് ഇവര്‍ പറയുന്നത്.
പാര്‍ട്ടി അനുഭാവികള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും നല്‍കിയ ലോണുകള്‍ പലതും കുടിശ്ശികയായെന്നും ആരോപണമുണ്ട്. വായ്പ തിരിച്ചടക്കില്ലെന്ന് പരസ്യമായി ചിലര്‍ പറയുന്നുണ്ടെന്നും നിക്ഷേപകര്‍ പറയുന്നു. കൂടാതെ മുന്‍ ജീവനക്കാരും ഇപ്പോഴുള്ള ജീവനക്കാരും ഇവിടെ നിക്ഷേപം നടത്തിയിരുന്നു. ഇതില്‍ ഇപ്പോഴുള്ള ജീവനക്കാര്‍ മിക്കവരും അവരുടെ നിക്ഷേപം നേരത്തെ പിന്‍വലിച്ച് സുരക്ഷിതമാക്കിയിട്ടുണ്ടെന്നും നിക്ഷേപകര്‍ ആരോപിക്കുന്നു. എന്നാല്‍ മുന്‍ ജീവനക്കാരുടെ ആരുടേയും നിക്ഷേപം തിരികെ നല്‍കിയിട്ടില്ലെന്നാണ് സൂചന.
1964 ല്‍ ചെങ്ങരൂരില്‍ ആരംഭിച്ച സഹകരണ സ്ഥാപനമാണ് ഇത്. പതിറ്റാണ്ടുകളിലൂടെ നേടിയ വിശ്വാസം ഈ സ്ഥാപനത്തെ വളര്‍ത്തി വലുതാക്കി. ഇന്ന് ചെങ്ങരൂരിലെ കേന്ദ്ര ഓഫീസിനോടൊപ്പം ചെങ്ങരൂര്‍ ശാഖയും കൂടാതെ പുതുശ്ശേരി, കല്ലൂപ്പാറ എന്നിവിടങ്ങളിലും ബാങ്കിന് ബ്രാഞ്ചുകള്‍ ഉണ്ട്. കടമാന്‍കുളത്ത് നീതി മെഡിക്കല്‍ സ്റ്റോറും ചെങ്ങരൂരില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നു. കല്ലൂപ്പാറ, ചെങ്ങരൂര്‍, പുതുശ്ശേരി എന്നിവിടങ്ങളില്‍ വളം ഡിപ്പോയും ചെങ്ങരൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടത്തുന്നുണ്ട്. ചെങ്ങരൂര്‍, ശാസ്താങ്കല്‍, കല്ലൂപ്പാറ എന്നിവിടങ്ങളില്‍ ബാങ്കിന് കെട്ടിടവും സ്വന്തമായുണ്ട്. സി.പി.എം നേത്രുത്വം നല്‍കുന്ന ഭരണസമിതിയാണ് ഇപ്പോള്‍ ഇവിടെ ഭരിക്കുന്നത്. പ്രതിപക്ഷത്ത് അംഗങ്ങള്‍ ആരുമില്ല എന്നത് ഇവിടുത്തെ ഭരണം സുഗമമാക്കുന്നു.