ചെന്നൈ: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ ചെന്നൈ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട. 1.48 കിലോ സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. ഇതില്‍ മൂന്ന് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
ദുബായില്‍ നിന്നും ഷാര്‍ജയില്‍ നിന്നും രണ്ട് വിമാനങ്ങളില്‍ എത്തിയവരാണ് അറസ്റ്റിലായത്. ഖലീല്‍ അഹമ്മദ്, ഖാജാ മൊയ്തീന്‍, എസ് പി മൊയ്തീന്‍ എന്നിവരെയാണ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലാക്കിയാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അതേസമയം, തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് അന്വേഷണം യുഎഇയിലേക്കും വ്യാപിപ്പിക്കുകയാണ് എന്‍ഐഎ.
കേസ് അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥരെ യുഎഇയിലേക്ക് അയക്കും. യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും ഹവാല ഇടപാടുകാരെക്കുറിച്ചും അന്വേഷിക്കുമെന്നാണ് വിവരം. ഇക്കാര്യത്തില്‍ ഇന്ത്യ, യുഎഇ സര്‍ക്കാരിന്‍റെ അനുമതി തേടുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഇത്തരത്തില്‍ വിദേശത്ത് ചെന്ന് അന്വേഷണം നടത്താന്‍ എന്‍ഐഎയ്ക്ക് അനുമതിയുണ്ട്.
യുഎഇയില്‍ നയതന്ത്ര ബാഗ് കൈകാര്യം ചെയ്യുന്നവരെക്കുറിച്ചും അവരുമായി ബന്ധമുള്ള ഇന്ത്യക്കാരേക്കുറിച്ചും അന്വേഷണം നടത്തും. ഇക്കാര്യത്തില്‍ യുഎഇയുടെ അനുമതി ആവശ്യമുണ്ട്. യുഎഇ സര്‍ക്കാരിന്‍റെ നിലപാട് ഇക്കാര്യത്തില്‍ നിര്‍ണായകമാകും.