തൃശൂര്‍: പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡി.ആര്‍.ഡി.ഓ യുടെ പേരില്‍ സ്വന്തം ഫോട്ടോ പതിച്ച വ്യാജ ഐ.ഡി കാര്‍ഡ് നിര്‍മ്മിച്ച് തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലേക്ക് അയച്ച് തട്ടിപ്പിന് ശ്രമിച്ച കേസില്‍ ചെന്നൈ സ്വദേശിയെ തൃശ്ശൂര്‍ റൂറല്‍ സൈബര്‍ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ചെന്നൈ കോടമ്പാക്കം ഭാരതീശ്വരര്‍ കോളനി സ്വദേശിയായ ശങ്കര്‍ (46) എന്നയാളാണ് അറസ്റ്റിലായത്. നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
ഗുരുവായൂരില്‍ ദര്‍ശനത്തിനായി തന്റ ഭാര്യയും മകളും വരുന്നുണ്ടെന്നും അവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രതി ഇമെയില്‍ വഴി തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇമെയിലിലേക്ക് ഓഗസ്റ്റ് 25 ന് സന്ദേശം അയക്കുകയായിരുന്നു. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി മുഹമ്മദ് നദീം ഐ.പി.എസ് ഇത് പരിശോധിക്കുന്നതിനായി സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി സലീഷ് എന്‍.എസ് ന് നല്‍കുകയും ബ്രാഞ്ച് ഡിവൈ.എസ്.പി പരിശോധിച്ചതില്‍ ഇമെയിലെ ഉള്ളടക്കങ്ങളും വ്യാജമാണെന്ന് കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കുയായിരുന്നു.































