തിരുവനന്തപുരം: അഴിമതിക്കാരെ കൂടെ നിര്‍ത്തിയിട്ട് അഴിമതി പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങള്‍ക്കുനേരെ മുഖ്യമന്ത്രി ആക്രോശിച്ചിട്ട് കാര്യമില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കാര്യങ്ങളൊക്കെ പുറത്ത് വരുമ്പോള്‍ മുഖ്യമന്ത്രി അസ്വസ്ഥതപ്പെട്ടിട്ട് കാര്യമില്ല. മന്ത്രി കെ.ടി. ജലീല്‍ നുണകളുടെ രാജാവാണ്. ഒളിപ്പിക്കാനുള്ളതിനാലാണ് ചോദ്യംചെയ്യലിന് അദ്ദേഹത്തിന് തലയില്‍ മുണ്ടിട്ട് പോകേണ്ടിവന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ലൈഫ്മിഷന്‍ പദ്ധതിയില്‍ കടുത്ത ദുരൂഹതയാണുള്ളത്. പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്ന പദ്ധതിയില്‍നിന്ന് കമ്മീഷന്‍ പറ്റിയിട്ട് സര്‍ക്കാറിനെ കരിവാരിത്തേക്കാന്‍ മാധ്യമങ്ങള്‍ നെറികേട് കാട്ടുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഈ പദ്ധതിയില്‍ 15 ശതമാനം കമീഷന്‍ നല്‍കാന്‍ ആരാണ് തീരുമാനിച്ചത്. വസ്തുതകള്‍ പുറത്ത് വരുമ്പോള്‍ വ്യക്തമായ മറുപടി പറയാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രി, ജനങ്ങളെ മാധ്യമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്നു.
നയതന്ത്രമാര്‍ഗത്തിലൂടെ എത്തിച്ച 17,000 കിലോ ഈത്തപ്പഴത്തിന്റെ മറവില്‍ വലിയ തോതിലുള്ള സ്വര്‍ണക്കടത്താണ് നടന്നത്. പ്രോട്ടോക്കോള്‍ ഓഫീസര്‍ ഇത് പരിശോധിച്ച് അനുമതി കൊടുത്തോയെന്ന് വ്യക്തമാക്കണം. ഇതെല്ലാം അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ രാഷ്ട്രീയം കളിക്കുന്നുവെന്നാണ് ഇപ്പോള്‍ സി.പി.എം പറയുന്നത്. മുഖ്യമന്ത്രി കത്തയച്ചാണ് കേന്ദ്ര ഏജന്‍സികളെ കൊണ്ടുവന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നാണ് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
എന്നാല്‍, കോടിയേരിയുടെ മകനിലേക്കും മന്ത്രി ജലീലിലേക്കും മന്ത്രിപുത്രനിലേക്കും അന്വേഷണം നീണ്ടതോടെ ഇ.ഡി രാഷ്ട്രീയം കളിക്കുന്നുവെന്ന് പറയുന്നു. അന്വേഷണം മുന്നോട്ട് പോകുമ്പോള്‍ ചിലരുടെയൊക്കെ നെഞ്ചിടിപ്പ് വര്‍ധിക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇപ്പോള്‍ കോടിയേരിയുടെയും ജയരാജന്റെയും ജലീലിന്റെയും നെഞ്ചിടിപ്പാണ് വര്‍ധിക്കുന്നത്. ക്വാറന്‍റീന്‍ ലംഘിച്ച് മന്ത്രി ജയരാജന്റെ ഭാര്യ ലോക്കര്‍ പരിശോധിക്കാന്‍ പോയത് എന്തിനാണെന്നും സ്വപ്ന സുരേഷുമായി ജയരാജന്റെ മകന് എന്താണ് ബന്ധമെന്നും ചെന്നിത്തല ചോദിച്ചു.