തിരുവനന്തപുരം : കൊവിഡില്‍ രാഷ്ട്രീയം പറയരുതെന്നാണ് താത്പര്യമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ യു.ഡി.എഫ് പ്രവര്‍ത്തകര്‍ സജീവമായിരുന്നു. ഓരോ ഘട്ടത്തിലും രാഷ്ട്രീയം കളിക്കുകയായിരുന്നു സര്‍ക്കാരും മുഖ്യമന്ത്രിയും. ആശ്വാസ നടപടികള്‍ സര്‍ക്കാരിന്റെതാണെന്ന് വരുത്തി തീര്‍ക്കാനുളള നടപടികളാണ് സ്വീകരിച്ചത്. ഓരോ നടപടിയിലും മുഖ്യമന്ത്രി രാഷ്ട്രീയം കളിക്കുകയാണ്. ഏത് പ്രവര്‍ത്തനത്തിലാണ് പ്രതിപക്ഷം തുരങ്കം വെച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കൊവിഡ് കാലത്ത് സര്‍ക്കാരിന് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. അതില്‍ പലതും സര്‍ക്കാര്‍ അംഗീകരിച്ചു. എന്നാല്‍ പല കാര്യത്തിലും സര്‍ക്കാര്‍ സ്വീകരിക്കാത്ത നടപടികള്‍ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെച്ചിട്ടുണ്ട്. പ്രളയഫണ്ട് കയ്യിട്ടുവാരിയത് മുഖ്യമന്ത്രിക്കറിയാം. സര്‍ക്കാരിന്റെത് ഭിന്നിപ്പിക്കല്‍ നയമാണ്. യോജിച്ച അന്തരീക്ഷം നഷ്‌ടപ്പെടുത്തിയത് മുഖ്യമന്ത്രിയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
പ്രവാസികള്‍ അവിടെ കിടന്ന് മരിക്കട്ടെയെന്നാണ് സര്‍ക്കാര്‍ നിലപാട്. അവരെ നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ആരോപിച്ചു. കേന്ദ്രത്തോട് ഒരു ട്രെയിന്‍ പോലും ആവശ്യപ്പെടാത്ത സര്‍ക്കാര്‍ മലയാളികള്‍ക്ക് നാട്ടിലേക്ക് വരാനായി ഒരു ബസ് പോലും വിട്ടുനല്‍കിയില്ല. മുഖ്യമന്ത്രി സൈബര്‍ പോരാളികളുടെയും ഗുണ്ടകളുടെയും നിലവാരത്തിലേക്ക് തരംതാഴാന്‍ പാടില്ലായിരുന്നു.
അഴിമതിയുണ്ടായാല്‍ അത് കണ്ടില്ലെന്ന് നടിക്കണമെന്ന് കൊവിഡ് പ്രോട്ടോക്കോളില്‍ പറയുന്നുണ്ടോയെന്ന് അറിയില്ല. അഴിമതി നടത്താനുള്ള സുവര്‍ണാവസരമായാണ് സര്‍ക്കാര്‍ ഇതിനെ കണ്ടത്. സ്പ്രിന്‍ക്ലര്‍ കേസ് മുഖ്യമന്ത്രി പറഞ്ഞതു പോലെ പൊട്ടി പോയിട്ടില്ല. അത് ഇപ്പോഴും കോടതിയില്‍ നിലനില്‍ക്കുകയാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.