കാസര്‍കോട് : മുഖ്യമന്ത്രിയുടെ ഓഫീസ് കൊള്ളസംഘത്തിന്റെ കോട്ടപോലെ ആയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.. യു.ഡി.എഫിന്റെ ഐശ്വര്യ കേരള യാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാരാണ്. പിണറായി വിജയന് രണ്ടാമൂഴം നല്‍കാന്‍ കേരള സമൂഹം തയ്യാറാകരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പാര്‍ട്ടി പോലും അറിയാതെ സ്പ്രിംക്ലര്‍ ഇടപാട് എങ്ങനെയെന്നും പിണറായി സര്‍ക്കാര്‍ വികസന വീമ്പ് പറയുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
മുസ്ലീങ്ങളെയും ക്രിസ്ത്യാനികളെയും എല്‍.ഡി.എഫ് തമ്മിലടിപ്പിക്കുകയാണന്ന് ചെന്നിത്തല പറഞ്ഞു. വിജയരാഘവന് എന്തിനാണിത്ര മുസ്ലീം വിരോധമെന്ന് മനസിലാകുന്നില്ലെന്നും ഇടതുപക്ഷം കേരളത്തില്‍ മതങ്ങളെ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. മൂക്കാതെ പഴുത്താല്‍ ഇതാകും അനുഭവമെന്നായിരുന്നു വിജയരാഘവനുള്ള ചെന്നിത്തലയുടെ പരിഹാസം. മതേതരത്വം നിലനിര്‍ത്താനാണ് പോരാട്ടമെന്ന് പറഞ്ഞ ചെന്നിത്തല മുഖ്യമന്ത്രി തീക്കൊള്ളിക്കൊണ്ട് തലചൊറിയുകയാണെന്നും മുന്നറിയിപ്പ് നല്‍കി