തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയില്‍ വെയ്ക്കാത്ത റിപ്പോര്‍ട്ടിന്റെ കരട് പുറത്ത് വിട്ട നടപടി ഗുരുതര ചട്ടലംഘനമാണെന്നും ധനമന്ത്രി സത്യപ്രതിജ്ഞ ലംഘിച്ചെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. രഹസ്യമായി സൂക്ഷിക്കേണ്ട റിപ്പോര്‍ട്ടിന്റെ കരട് പുറത്തു വിട്ടതിലൂടെ ധനമന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചു. ഇതിനെതിരെ പ്രതിപക്ഷം നോട്ടീസ് നല്‍കും. ഭരണഘടനാപരമായ ഉത്തരവാദിത്വം പാലിക്കാതെ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി. സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് രാജ്യത്തെ ഒരു നിയമവും ബാധകമല്ല എന്ന മട്ടിലാണ്. അഴിമതി മൂടിവെക്കാന്‍ സിഎജി പോലെ ഭരണഘടനാപരമായ സ്ഥാപനത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നു. ആരും കണക്ക് ചോദിക്കേണ്ടെന്ന് തോമസ് ഐസക് എകെജി സെന്ററില്‍ പോയി പറഞ്ഞാല്‍ മതി.
കഴിഞ്ഞ നാലരവര്‍ഷത്തിനിടെ താന്‍ ഒരിക്കല്‍പ്പോലും എജിയുമായി ബന്ധപ്പെട്ടിട്ടില്ല. എജിയുടെ ഒരു റിപ്പോര്‍ട്ടും നിയമസഭയില്‍ വയ്ക്കും മുന്‍പ് തനിക്ക് കിട്ടിയിട്ടില്ല. കിഫ്ബിയില്‍ നടന്ന കൊള്ളകള്‍ കണ്ടെത്തിയത് കൊണ്ടാണ് ധനമന്ത്രിക്ക് ഹാലിളകിയത്. ഇതൊരു മുന്‍കൂര്‍ ജാമ്യം എടുക്കലാണ്. കിഫ്ബിയിലെ അഴിമതി പുറത്തു വന്നതിലെ ജാള്യത കൊണ്ടാണത്. ഈ സര്‍ക്കാരിന് ഓഡിറ്റിനെ ഭയമാണ്. കിഫ്ബിയിലേക്കുള്ള വരവും ചെലവും മന്ത്രിസഭയും സര്‍ക്കാരും അറിയില്ല. ഞാന്‍ കഴിഞ്ഞ നാല് വര്‍ഷമായി സിഎജി ഓഫീസുമായി ബന്ധപ്പെട്ടിട്ടില്ല.
അഴിമതി ചൂണ്ടിക്കാണിക്കുമ്പോള്‍ പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ കള്ളകേസ് എടുക്കുന്നു. ഇതിനെ ശക്തമായി അപലപിക്കുന്നു. ഇഡി എത്ര ശ്രമിച്ചാലും കെഎം ഷാജിയെ കേസില്‍ കുടുക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല മുന്നറിയിപ്പ് നല്കി.